പൊതുമരാമത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തൽ
പുതിയ സംവിധാനം നിലവിൽ വന്നു
പൊതുമരാമത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തൽ
പുതിയ സംവിധാനം നിലവിൽ വന്നു
പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് പൊതുജനങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള സംവിധാനത്തിന് തുടക്കമായി. നിശ്ചിത കാലയളവിനുള്ളിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ കരാറുകാരനെ ബാധ്യസ്ഥനാക്കുന്നതിനും പരാതികൾ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ടവരെ നേരിട്ട് അറിയിക്കുന്നതിനും വിശദാംശങ്ങളോടെയുള്ള ബോർഡുകളാണ് വിവിധ റോഡുകളിലായി സ്ഥാപിക്കുന്നത്.
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും നടപ്പിലാക്കുന്ന പദ്ധതിയുടെ കുന്നമംഗലം നിയോജകമണ്ഡലം തല പരിപാടി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിയങ്ങാട് കോണാറമ്പ് പെരുവയൽ പള്ളിത്താഴം റോഡിൽ പരിയങ്ങാട് ജംഗ്ഷനിൽ സ്ഥാപിച്ച ബോർഡിൽ ഡിഫക്ട് ബാധ്യതാ കാലയളവ്, കരാറുകാരൻ്റെ പേരും മൊബൈൽ നമ്പറും, അസിസ്റ്റൻ്റ് എൻജിനീയറുടെയും പൊതുമരാമത്ത് വകുപ്പിൻ്റെ ടോൾഫ്രീ കണക്ഷൻ്റെയും നമ്പറുകൾ തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി മാധവൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ രാജേഷ് കണ്ടന്നൂർ, ഇ വിശ്വനാഥൻ, പി ശ്രീധരൻ, പി.ടി അബ്ദുറഹിമാൻ സംസാരിച്ചു. പി.ഡബ്ല്യു.ഡി അസി. എൻജിനീയർ ജി ബിജു സ്വാഗതവും ഓവർസിയർ കെ ധന്യ നന്ദിയും പറഞ്ഞു.