Peruvayal News

Peruvayal News

പ്രവൃത്തികളുടെ പരിപാലന കാലാവധി ജനങ്ങള്‍ അറിയുന്നതിലൂടെ വലിയ മാറ്റമുണ്ടാകും; മന്ത്രി പി.എ മുഹമ്മദ് റിയാസ്

പ്രവൃത്തികളുടെ പരിപാലന കാലാവധി ജനങ്ങള്‍ അറിയുന്നതിലൂടെ വലിയ മാറ്റമുണ്ടാകും; 
മന്ത്രി പി.എ മുഹമ്മദ് റിയാസ്
പ്രവൃത്തികളുടെ പരിപാലന കാലാവധി ജനങ്ങള്‍ അറിയുന്നതിലൂടെ വലിയ മാറ്റമുണ്ടാകും; 
മന്ത്രി പി.എ മുഹമ്മദ് റിയാസ്

കല്ലേരി-ചെട്ടിക്കടവ് പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കല്ലേരി-ചെട്ടിക്കടവ് പാലം പ്രവൃത്തി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടത്തിന്റെയും പരിപാലന കാലാവധി ജനങ്ങളും ജനപ്രതിനിധികളും അറിയുന്നതിലൂടെ വലിയ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതയുണ്ടാകും. യാത്രക്കിടെ ജനങ്ങള്‍ക്ക് തകര്‍ന്ന റോഡുകള്‍ കാണുമ്പോള്‍ പരിപാലന കാലാവധി മനസിലാക്കാം. പരിപാലന കാലാവധിക്കുള്ളിലുള്ളതാകുമ്പോള്‍ ഉദ്യോഗസ്ഥരെയോ കരാറുകാരയോ ജനപ്രതിനിധികളെയോ അറിയിക്കാന്‍ കഴിയും. എംഎല്‍എയോ വകുപ്പിനെയോ പഴി പറയുന്ന സ്ഥിതി ഒഴിവാക്കാന്‍ കഴിയും. ആരാണ് ഉത്തരവാദികള്‍, എങ്ങനെയാണ് പരിഹരിക്കേണ്ടത്, ആരയാണ് അറിയിക്കേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ജനങ്ങള്‍ അറിയണമെന്നത് ഒരു ജനകീയ സര്‍ക്കാറിനെ സംബന്ധിച്ച് നിര്‍ബന്ധമുണ്ട്. ഇതുകൊണ്ടാണ് ശനിയാഴ്ച മുതല്‍ സംസ്ഥാനത്തെ 2515 റോഡുകളുടെയും രണ്ടറ്റത്തും ബന്ധപ്പെട്ട കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും പേരും ഫോണ്‍ നമ്പറും ട്രോള്‍ ഫ്രീ നമ്പറും ഉള്‍പ്പെടുത്തിയ ബോര്‍ഡ് വെച്ച് പരിപാലന കാലാവധി പരസ്യപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. റസ്റ്റ്ഹൗസുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ, പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ മാറ്റിയെടുത്തപ്പോള്‍ നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നു വരെ 27.5 ലക്ഷത്തിന്റെ വരുമാനമുണ്ടായത്. ജനങ്ങള്‍ ഈ തീരുമാനത്തെ പിന്തുണച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇനി ശുചിത്വം ഉറപ്പു വരുത്തുന്നതും ഭക്ഷണം നല്‍കുന്നതടക്കമുള്ളവയും നടപ്പാക്കാനാണ് ശ്രമിക്കുന്നത്. 

പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലെ ഒരു തടസമാണ് മഴ. റോഡ് പ്രവൃത്തി നടക്കേണ്ട മാസങ്ങളില്‍ സര്‍വകാല റെക്കോര്‍ഡ് മഴയാണ് ഉണ്ടായത്. സാധാരണ മഴയില്ലാത്ത മാസങ്ങളിലും മഴ ശക്തമായി പെയ്തു. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ പലയിടങ്ങളിലും അറ്റകുറ്റപണിയടക്കമുള്ള പ്രവൃത്തികള്‍ നടത്താന്‍ കഴിഞ്ഞില്ല. എട്ട് ന്യൂന മര്‍ദ്ദങ്ങളുണ്ടായി. എന്നാല്‍ ഈ വസ്തുതകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. എന്നാല്‍ ജനങ്ങള്‍ ഇതെല്ലാം മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ കുന്നമംഗലം നിയോജക മണ്ഡലത്തില്‍ ചെറുപുഴക്ക് കുറുകെ പെരുവയല്‍-ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് 11 കോടി രൂപ ചെലവിലാണ് ചെട്ടിക്കടവില്‍ പുതിയ പാലം നിര്‍മ്മിക്കുന്നത്. നിലവിലുള്ള പാലത്തിന് വീതി  കുറവായതിനാല്‍ വലിയ പാലം നിര്‍മ്മിക്കണമെന്ന പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇതുവഴി യാഥാര്‍ഥ്യമാകുന്നത്.  32 മീറ്റര്‍ നീളത്തിലുള്ള മൂന്ന് സ്പാനും 12.50 മീറ്റര്‍ നീളത്തിലുള്ള രണ്ട് ലാന്റ്് സ്പാനും ഉള്‍പ്പെടെ 121 മീറ്റര്‍ നീളത്തിലാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇരുവശങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയും 7.50 മീറ്റര്‍ വീതിയില്‍ കാരോജ് വേയും ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയാണ് പാലത്തനുള്ളത്. പാലത്തിന് ചാത്തമംഗലം ഭാഗത്ത് 206.50 മീറ്ററും ചെട്ടിക്കടവ് ഭാഗത്ത് 160 മീറ്റര്‍ നീളത്തിലും അനുബന്ധ റോഡും നിര്‍മ്മിക്കും. 18 മാസമാണ് നിര്‍മ്മാണ കാലാവധി.

ചട്ടിക്കടവ് പാലം പരിസരത്ത് നടന്ന ചടങ്ങില്‍ പി. ടി. എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം എക്സിക്യുട്ടിവ് എഞ്ചിനിയര്‍ ബെന്നി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഓളിക്കല്‍ ഗഫൂര്‍, എം കെ സുഹറാബി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സുഷമ, ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി പി മാധവന്‍, പി ശിവദാസന്‍ നായര്‍, രാജേഷ് കണ്ടങ്ങൂര്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ പി ഷൈപ്പു, ടി കെ വേലായുധന്‍, ചൂലൂര്‍ നാരായണന്‍, ഖാലിദ് കിളിമുണ്ട, ജനാര്‍ദ്ദനന്‍ കൂഴക്കോട്, കെ ഭരതന്‍മാസ്റ്റര്‍, കെ അബ്ദുറഹിമാന്‍ഹാജി, സി കെ ഷമീം, ടി കെ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ പി കെ മിനി സ്വാഗതവും അസി. എക്സിക്യുട്ടിവ് എഞ്ചിനിയര്‍ എന്‍ വി ഷിനി നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live