13 ദിവസം ബൈപാസിൽ പൊലിഞ്ഞത് 5 ജീവൻ: വില്ലനായി കാട്ടുപന്നിയും
13 ദിവസം ബൈപാസിൽ പൊലിഞ്ഞത് 5 ജീവൻ: വില്ലനായി കാട്ടുപന്നിയും
കോഴിക്കോട്:
രാമനാട്ടുകര – വെങ്ങളം ബൈപാസിൽ 13 ദിവസത്തിനിടെ അപകടങ്ങളിൽ പൊലിഞ്ഞത് 5 ജീവൻ. ഒരു ഭാഗത്ത് ബൈപാസ് 6 വരിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വേഗം കുറച്ചു പോകണമെന്നു പലയിടത്തും ബോർഡ് വച്ചിട്ടുണ്ട്. ഇതൊന്നും ഗൗനിക്കാതെ അമിത വേഗത്തിലാണു വാഹനങ്ങളുടെ പോക്ക്. രാത്രിയിലും പുലർച്ചെയുമാണ് കൂടുതൽ അപകടങ്ങളും നടക്കുന്നത്. ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ ഒട്ടേറെ. വേണ്ടത്ര പരിശോധന ഇല്ലാത്തത് അമിതവേഗത്തിനും അപകടത്തിനും കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ 3ന് മാമ്പുഴ പാലത്തിനു സമീപമുണ്ടായ അപകടത്തിലാണു മണ്ണൂർ വടക്കുമ്പാട് മേപ്പാടം കണ്ടൻ വീട്ടിൽ പ്രജോഷ് (42) മരിച്ചത്. ഇതു കഴിഞ്ഞു 3–ാം ദിവസം അറപ്പുഴ പാലത്തിനു സമീപം വയൽക്കരയിൽ ലോറി കാറിലും ഓട്ടോയിലും ഇടിച്ചു മടവൂർ അരങ്കിൽതാഴം എതിരംമല കോളനിയിൽ കൃഷ്ണൻകുട്ടി (54), ഭാര്യ സുധ (49) എന്നിവരും മരിച്ചു. കഴിഞ്ഞ 10ന് രാത്രി അമ്പലപ്പടി ജംക്‌ഷനിൽ കാറിടിച്ചാണ് സ്കൂട്ടർ യാത്രക്കാരൻ ചെറുകുളം പുളിയനാറമ്പത്ത് രഹനാസ് മുഹമ്മദ് (29) മരിച്ചത്. ഇന്നലെ പുലർച്ചെ പാലാട്ടുകാവ് ജംക്‌ഷനു സമീപം ഉണ്ടായ അപകടത്തിൽ ചേളന്നൂർ ഇരുവള്ളൂർ ചിറ്റടിപ്പുറായിൽ സിദ്ദീഖും (39) മരിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ തൊണ്ടയാട് പാലാട്ടുകാവ് ജംക്‌ഷനു സമീപമുണ്ടായ അപകടത്തിനു കാരണം കാട്ടുപന്നി. സമീപത്തെ കുറ്റിക്കാട്ടിൽനിന്നു കയറി വന്ന കാട്ടുപന്നി പിക്കപ് വാനിൽ ഇടിച്ച ശേഷം തിരികെ കാട്ടിലേക്കു തന്നെ പോയെന്നാണു പറയുന്നത്. ഇവിടെ നിന്ന് അൽപം മാറി മഠത്തിൽമുക്ക് ഭാഗത്ത് നേരത്തെ കാട്ടുപന്നിയെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.
ബൈപാസിനും നേരത്തെയുള്ള റോഡിനും മധ്യത്തിൽ ഓടയോടു ചേർന്നു കുറ്റിക്കാടുകൾ വളർന്നിട്ടുണ്ട്. ഇതു വർഷത്തിൽ രണ്ടും മൂന്നും തവണ വെട്ടിമാറ്റണമെന്ന് നിർദേശമുണ്ടെങ്കിലും പലപ്പോഴും ഒറ്റത്തവണ മാത്രമാണു തെളിക്കുന്നത്. കുറ്റിക്കാടുകൾക്കിടയിൽ മുള്ളൻപന്നിയെയും ഇഴജന്തുക്കളെയും കാണാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി ഇടിച്ചത് കാട്ടുപന്നി തന്നെയാണോ എന്നറിയാൻ രക്തസാംപിളുകൾ ശേഖരിച്ചു.