കോഴിക്കോട് രാമനാട്ടുകര വ്യവസായ പാർക്കുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ വിഷയം പരിഹരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു
രാമനാട്ടുകരയിൽ 80 ഏക്കർ ഭൂമിയിൽ വ്യവസായ പാർക്ക് സ്ഥാപിക്കാൻ വ്യവസായ വകുപ്പിന് 222.83 കോടി രൂപ അനുവദിക്കാൻ ഭരണാനുമതിയായി. 17 വർഷത്തെ കോഴിക്കോടിന്റെ സ്വപ്നമാണ് പദ്ധതി. നോളജ് പാർക്കിനായി 2009ലാണ് രാമനാട്ടുകരയിൽ 80 ഏക്കർ ഭൂമി ഏറ്റെടുത്തത്. ഭൂമിയുടെ ഉടമസ്ഥർക്കുള്ള നഷ്ടപരിഹാരത്തുക ഉൾപ്പെടെയാണ് സർക്കാർ അനുവദിച്ചത്.
നിർദിഷ്ട ഭൂമിയിൽ രണ്ട് ഏക്കറോളം സ്ഥലത്ത് ഐടി, ഐടി അനുബന്ധ വ്യവസായങ്ങൾക്കായി ഐടി പാർക്ക് ഒരുക്കുന്നുണ്ട്. ഇതിനായി അഞ്ചു നിലകളുള്ള കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാണ്. 1.15 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിന്റെ അവസാനഘട്ട ജോലികൾ മാത്രമാണ് ശേഷിക്കുന്നത്. പാർക്കിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി രണ്ട് മാസത്തിനകം ഗുണഭോക്താക്കൾക്ക് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിൻഫ്രയുടെ അധീനതയിലുള്ളതാണ് പാർക്ക്. ഗവ. സൈബർ പാർക്കിനും യുഎൽ സൈബർ പാർക്കിനും ശേഷം ജില്ലയിലെ ഏറ്റവും വിശാലമായ ഐടി പാർക്കാണിത്. തുടക്കത്തിൽ 700 പേർക്ക് നേരിട്ടു തൊഴിൽ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
പദ്ധതി യാഥാർഥ്യമാക്കാൻ മുൻകൈയെടുത്ത വ്യവസായ മന്ത്രി പി രാജീവിനെ അഭിനന്ദിക്കുന്നതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.