ബൈപ്പാസിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു
ബൈപ്പാസിൽ വാഹനാപകടങ്ങൾതുടർക്കഥയാകുന്നു
പന്തീരാങ്കാവ്:
ബൈപ്പാസിൽ ദിവസങ്ങളായി അപകടപരമ്പര. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി എട്ടോളം വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. പന്തീരാങ്കാവ് കൊടൽ നടക്കാവ് ഭാഗങ്ങളിൽ മൂന്ന് അപകടങ്ങളുണ്ടായി. തിങ്കളാഴ്ച രാവിലെ 10 മണിയോടെ കൊടൽ നടക്കാവ് പനമരത്തിനുസമീപം ടിപ്പർലോറിയും കാറും ഇടിച്ചുണ്ടായ അപകടത്തിൽ ടിപ്പർ മറിഞ്ഞു. വൈകീട്ട് ആറു മണിയോടെ പന്തീരാങ്കാവിൽ രണ്ടുബൈക്കുകൾ കൂട്ടിയിടിച്ചതിനുശേഷം കാറുമായി ഇടിച്ച് അപകടമുണ്ടായി. രണ്ട് അപകടങ്ങളിലും യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു.
ഒരാഴ്ചമുമ്പാണ് ബൈപ്പാസിൽ കൊടൽ നടക്കാവ് വയൽക്കരയിൽ നിയന്ത്രണംവിട്ട ലോറി കാറിലും ഗുഡ്സ് ഓട്ടോയിലും ഇടിച്ച് രണ്ടുപേർ മരിച്ചത്. അതിവേഗവും അശ്രദ്ധയും വാഹനങ്ങളെ മറികടക്കലുമാണ് ഈ അപകടങ്ങൾക്കെല്ലാം കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബൈപ്പാസ് ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി ഇരുവശങ്ങളിലെയും മരങ്ങൾ മുറിച്ചുമാറ്റിയതോടെ റോഡിലെ ദൂരക്കാഴ്ച കൂടിയിട്ടുണ്ട്. ഈ സാഹചര്യമാണ് വാഹനങ്ങളെല്ലാം അതിവേഗത്തിൽ ഓടാൻ കാരണം എന്നാണ് പോലീസ് പറയുന്നത്. ദിനംപ്രതി അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സ്റ്റേഷൻ പരിധിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു കെ. ജോസ് പറഞ്ഞു. അതിവേഗത്തിൽ വാഹനമോടിക്കുന്നവരെയും അപകടകരമാംവിധം മദ്യപിച്ച് വാഹനമോടിക്കുന്നവരെയും നിരീക്ഷിച്ച് കേസെടുക്കുന്ന നടപടി ശക്തമാക്കുമെന്നും ബൈജു കെ. ജോസ് പറഞ്ഞു