നഗരത്തിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ രണ്ടാംഘട്ടപ്രവൃത്തി തുടങ്ങി
നഗരത്തിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ രണ്ടാംഘട്ടപ്രവൃത്തി തുടങ്ങി
കോഴിക്കോട്:
ഗാർഹിക ഉപഭോഗങ്ങൾക്കും വാഹനങ്ങൾക്കും വ്യവസായസ്ഥാപനങ്ങൾക്കും സുരക്ഷിതവും ചെലവുകുറഞ്ഞതും മാലിന്യരഹിതവുമായ പ്രകൃതിവാതകം എത്തിക്കാനുള്ള സിറ്റി ഗ്യാസ് പദ്ധതിയുടെ രണ്ടാംഘട്ടപ്രവൃത്തി കോർപ്പറേഷൻ മേഖലയിൽ ആരംഭിച്ചു. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനിയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
രണ്ടാംഘട്ട പൈപ്പ് ലൈൻ കുന്ദമംഗലം, വെള്ളിമാടുകുന്ന്, ഇരിങ്ങാടൻപള്ളി, കോവൂർ, മെഡിക്കൽ കോളേജ്, തൊണ്ടയാട്, പൊറ്റമ്മൽ, അരയിടത്തുപാലം, മാങ്കാവ്, മാവൂർ റോഡ് ജങ്‌ഷൻ, മാനാഞ്ചിറ, വട്ടക്കിണർ, ബേപ്പൂർ, മീഞ്ചന്ത, നല്ലളം, നടക്കാവ്, വെസ്റ്റ്ഹിൽ, ഭട്ട് റോഡ്, ബീച്ച് റോഡ്, പാവങ്ങാട് വഴിയാണ് കടന്നുപോകുന്നത്.
സ്വകാര്യസ്ഥലങ്ങളെ ബാധിക്കാതെ പൂർണമായും സർക്കാർ നിയന്ത്രിത റോഡുകളിലൂടെയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. പൈപ്പ് ലൈൻ കടന്നുപോകുന്നതുമൂലം റോഡുകളിലുണ്ടാകുന്ന തകരാറുകൾ പരമാവധി കുറയ്ക്കുന്നതിനായി എച്ച്.ഡി.ഡി. സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന് കമ്പനി അസോസിയേറ്റ് മാനേജർ നിഥിൻ നസറുദ്ദീൻ അറിയിച്ചു. കുഴികൾമാത്രം എടുക്കുകയും ഭൂമിക്കടിയിലൂടെ നിർദിഷ്ട പൈപ്പ് ലൈൻ സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്.
പദ്ധതി പൂർത്തീകരിക്കുന്നതോടെ നിലവിൽ വിതരണംചെയ്യുന്ന ഏഴ് സി.എൻ.ജി. പമ്പുകൾക്കുപുറമേ പുതിയ പമ്പുകളും ജില്ലയിൽ പ്രവർത്തനസജ്ജമാവും. ഒപ്പം വീടുകളിലേക്ക് പാചകവാതകം എത്തിക്കാനുള്ള പ്രവൃത്തികളും ആരംഭിക്കും. ഈ വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.