Peruvayal News

Peruvayal News

കളൻതോട് കൂളിമാട് റോഡ് 38 കോടിയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ചു

കളൻതോട് കൂളിമാട് റോഡ് 
38 കോടിയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ചു 

കളൻതോട് കൂളിമാട് റോഡ് പ്രവൃത്തി പുനരാരംഭിക്കുന്നതിന് തയ്യാറാക്കിയ 38 കോടി രൂപയുടെ എസ്റ്റിമേറ്റ് സാമ്പത്തികാനുമതിക്കായി സമർപ്പിച്ചു. റോഡ് താൽക്കാലികമായി ഗതാഗതയോഗ്യമാക്കുന്നതിന് അനുവദിച്ച 30 ലക്ഷം രൂപയുടെ പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിനും തീരുമാനമായി. കുന്നമംഗലം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി നടത്തുന്നത് സംബന്ധിച്ച നടപടികൾക്കായി പി.ടി.എ റഹീം എം.എൽ.എ വിളിച്ചുചേർത്ത ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. 

മണ്ഡലത്തിൽ നിലവിൽ നടന്നുവരുന്ന അഞ്ച് പാലങ്ങളുടെ പ്രവൃത്തികൾ ത്വരിതപ്പെടുത്താനും, പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ അമാന്തം കാണിക്കുന്ന കരാറുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾ ത്വരിതപ്പെടുത്താനും മണ്ഡലത്തിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതിനും തീരുമാനിച്ചു. 

പടനിലം പാലത്തിൻ്റെ സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതിന് സ്ഥലമുടമകളുടെ യോഗം വിളിച്ചു ചേർക്കുന്നതിനും പടനിലം ജംഗ്ഷൻ വിപുലീകരണത്തിനുള്ള പ്രൊപ്പോസൽ സർക്കാർ അംഗീകാരത്തിനായി അടിയന്തരമായി സമർപ്പിക്കുന്നതിനും തീരുമാനിച്ചു. 

പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ സംബന്ധിച്ച യോഗത്തിൽ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ നോഡൽ ഓഫീസർ സി.എച്ച് അബ്ദുൽഗഫൂർ പദ്ധതികളുടെ ഇനം തിരിച്ചുള്ള മോണിറ്ററിംഗിന് മേൽനോട്ടം വഹിച്ചു.
Don't Miss
© all rights reserved and made with by pkv24live