ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി വീണ്ടും പെരുമണ്ണ
2020 -21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വഹണ മികവിന്റെയും അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നൽകുന്ന സ്വരാജ് ട്രോഫി അവാർഡ് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വീണ്ടും കരസ്ഥമാക്കി.ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായാണ് പെരുമണ്ണയെ തിരഞ്ഞെടുത്തത്.ഇത് മൂന്നാം തവണയാണ് പെരുമണ്ണക്കു സ്വരാജ് ട്രോഫി അവാർഡ് ലഭിക്കുന്നത് .വ്യത്യസ്തമായ വികസന പദ്ധതികളിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഒരു വർഷം പൂർത്തിയാക്കിയ പെരുമണ്ണ ഗ്രാമ പഞ്ചായത്ത്.വ്യക്തമായ വികസന പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പുമാണ് കഴിഞ്ഞ ഒരു വർഷം വിജയമാകാൻ കാരണം. പുതിയ വർഷത്തിലേയ്ക്കായി ഒരുപാട് പ്രതീക്ഷകളുള്ള സ്വപ്നപദ്ധതികളുമായി മുന്നോട്ട് പോകുകയാണ് പെരുമണ്ണ പഞ്ചായത്ത്.
പ്രധാനമായും മൂന്നു മേഖലകളിലാണ് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1.തരിശുരഹിത ഗ്രാമപഞ്ചായത്ത്, 2.സമ്പൂർണ്ണ കുടിവെള്ളം, 3.മാലിന്യമുക്ത ഗ്രാമപഞ്ചായത്ത്. അതിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്
1.തരിശുരഹിത ഗ്രാമപഞ്ചായത്ത്
വർഷം പദ്ധതിയിലൂടെ തരിശായി കിടക്കുന്ന ഭൂമിയിൽ നെല്ലുൾപ്പടെയുള്ള കൃഷിചെയ്തു ചെയ്ത് ഭൂമിയെ കൃഷിയോഗ്യമാക്കുക. ഇതിന്റെ ഭാഗമായി കൃഷിവകുപ്പുമായി ചേർന്നും സ്ഥാപനങ്ങളെ കൊണ്ടും വ്യക്തികളെ കൊണ്ടും കൃഷി നടത്തി വരുന്നു.
ചാലിയാറിനെയും ചെറുപുഴയെയും ബന്ധിപ്പിച്ച് ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് ഉണ്ട്. അവിടെ നിന്നും വെള്ളം കൃഷിയിടങ്ങളിലേക്ക് എത്തിക്കാനുള്ള സംവിധാനം ആലോചിക്കുകയും സി.ഡബ്ല്യു.ആർ.എം.ഒയുമായി ചർച്ച നടത്തുകയും ചെയ്തു. ''കൃഷി സമൃദ്ധി ജലസമൃദ്ധി'' എന്ന പേരിൽ വിപുലമായ ഈ പദ്ധതി ആലോചനയിലാണ്. പെരുമണ്ണയെ തരിശുരഹിതമാക്കണം എന്ന ലക്ഷ്യമാണ് പഞ്ചായത്തിന് ആദ്യം ഉള്ളത്.
2. സമ്പൂർണ്ണ കുടിവെള്ളം
12,000 വാസ ഗ്രഹങ്ങളാണ് പഞ്ചായത്തിലുള്ളത്. 6000ത്തോളം വീടുകളിൽ ജലജീവൻ മിഷനിലൂടെ വാട്ടർ കണക്ഷൻ നൽകി കഴിഞ്ഞു. 40 സംഘ ജലസേചന കുടിവെള്ള പദ്ധതികളും ഉണ്ട്. അതിലൂടെ കുടിവെള്ളം എത്തുന്നുണ്ട്. ഈ ഒരുവർഷത്തിനുള്ളിൽ മുഴുവൻ വീടുകളിലേക്കും കുടിവെള്ളമെത്തിക്കാൻ ആണ് ഉദേശിക്കുന്നത്.
3. മാലിന്യ മുക്ത പഞ്ചായത്ത്
ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ എന്ന ലക്ഷ്യത്തിലേക്കാണ് പോകുന്നത്. അതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച് വേർതിരിച്ചു ക്ലീൻ കേരള കമ്പനിയ്ക്ക് കയറ്റി അയക്കാൻ 32 കർമസേന അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ തന്നെ മികച്ച രീതിയിലുള്ള പ്രവർത്തനം കാഴ്ചവെക്കുന്നതിൽ തിരഞ്ഞെടുത്ത മൂന്ന് പഞ്ചായത്തുകളിൽ ഒന്നാണ് പെരുമണ്ണ. ഇത് കൂടുതൽ വിപുലപ്പെടുത്തി സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്താക്കി പെരുമണ്ണയെ മാറ്റും.
@ ചാലിയാർ എക്കോ ടൂറിസം
പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ പ്രകൃതി രമണീയമായ ചാലിയാർ പുഴയുടെ പുറമ്പോക്ക് പ്രദേശത്ത് സർക്കാർ സഹായത്തോടെ ടൂറിസം സാദ്ധ്യതകൾ ഉപയോഗപ്പെടുത്തും. പെരുമണ്ണ പഞ്ചായത്തിന്റെ തൊഴിൽ വികസന സാദ്ധ്യതകളെ ഇത് സഹായിക്കും.
@ തൊഴിലുറപ്പും കൃഷിയും
പെരുമണ്ണയുടെ ചരിത്രത്തിൽ എക്കാലത്തേക്കാളും മികച്ച പ്രവർത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങളും ഏറ്റവും കൂടുതൽ 100 തൊഴിൽ ദിനങ്ങൾ ലഭിച്ചവരും പഞ്ചായത്തിൽ റെക്കോർഡ് ആണ്.പൊതു പ്രവർത്തികളോടൊപ്പം വ്യക്തിഗത അനൂകൂല്യ പ്രവർത്തികൾക്കും മാലിന്യ നിർമാർജന പ്രവർത്തികൾക്കും ഊന്നൽ നൽകി. പഞ്ചായത്ത് ഒരു സ്ഥലം ഏറ്റെടുത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പച്ചക്കറി കൃഷിചെയ്യാൻ നൽകി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 100 ദിവസം പണിയും വിളവും സ്വന്തം. മാത്രമല്ല പദ്ധതി വഴി തരിശായി കിടക്കുന്ന ഭൂമി കൃഷിയോഗ്യവുമാക്കി.
@ പുതിയ ബസ്സ് സ്റ്റാൻഡ്
ബസ് സ്റ്റോപ്പിന്റെ ഉള്ളിലാണ് പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രവർത്തിക്കുന്നത്. പഞ്ചായത്തിനും ബസ് സ്റ്റാൻഡിനും സൗകര്യങ്ങൾ കുറവാണ്. പെരുമണ്ണ അങ്ങാടിയോടെ ചേർന്ന് തന്നെ നല്ലൊരു സ്ഥലത്തേക്ക് ബസ് സ്റ്റാൻഡ് മാറ്റും. 2022-23 വർഷത്തെ ധനകാര്യ കമ്മീഷന്റെ ബേസിക് ഗ്രാന്റ് പൂർണമായും ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ഇതൊരു മേജർ പ്രോജക്ട് ആണ്.
@ ഒരു വർഷത്തിന്റെ തിളക്കം
ബസ്റ്റാൻഡിനോട് ചേർന്ന് ടേക്ക് ബ്രേക്ക് പദ്ധതി പൂർത്തീകരിച്ചു തുറന്നുകൊടുത്തു. പൊതുശ്മശാനം നവീകരിക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കിഫ്ബി മുഖേന അതിനു കൂടുതൽ ഫണ്ട് ലഭ്യമാക്കാൻ നോക്കുന്നുണ്ട്. കുട്ടികൾക്ക് ലാപ്‌ടോപ്,ടിവി. ഫോൺ എന്നിവ നൽകി. വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പ്രധാന റോഡുകൾ എല്ലാം നവീകരിച്ചു. ബട്സ് സ്‌കൂളിന്റെയും റിഹാബിലിറ്റേഷൻ സെന്ററിന്റെയും വിപുലീകരണം പൂർത്തീകരണത്തിലേക്ക് വരുന്നു. ലാബ് നവീകരണത്തിനായി 11 ലക്ഷം രൂപയുടെ പ്രവർത്തനം നടന്നു വരുന്നു. മൃഗാശുപത്രി പുതിയ കെട്ടിടം പൂർത്തിയാകുന്നു. നീർത്തട കമ്മിറ്റികളും ആയി ആലോചിച്ച് നഗര സഞ്ജയ ഫണ്ട് ഉപയോഗപ്പെടുത്തി ജല നിർഗമന മാർഗങ്ങൾ കൊണ്ട് വന്നു.