കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റിന് രാമനാട്ടുകരയിൽ ഫെയർസ്റ്റേജ്: നടപടി തുടങ്ങി
രാമനാട്ടുകര:
കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് രാമനാട്ടുകരയിൽ ഫെയർസ്റ്റേജ് അനുവദിക്കണമെന്ന നിവേദനത്തിൽ അധികൃതർ നടപടി തുടങ്ങി. 2013 ഒക്ടോബറിൽ രാമനാട്ടുകരയിലെ ട്രോമോ കെയർ വൊളന്റിയർ മാരാത്ത് രാജൻ അന്നത്തെ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
ഇതിൽ നടപടി ഉണ്ടായില്ല എന്ന് കാണിച്ചു പത്രറിപ്പോർട്ട്. ഇതുസഹിതം ഗതാഗത മന്ത്രിക്കും തിരുവനന്തപുരം കെ.എസ്.ആർ. ടി.സി. ട്രാഫിക് സെക് ഷൻ സൂപ്രണ്ടിനും വീണ്ടും പരാതി നൽകിയതിനെത്തുടർന്നാണ് ചുവപ്പുനാടയിൽ കുരുങ്ങിക്കിടന്ന ഫയൽ പുറത്തുവന്നത്.
നടപടിക്കുവേണ്ടി തിരുവനന്തപുരത്തു നിന്ന് കെ.എസ്. ആർ.ടി.സി. യുടെ കോഴിക്കോട് സോണൽ ഓഫീസിലേക്ക് കത്തെഴുതിയിരിക്കയാണ്. തിരുവനന്തപുരത്തുനിന്ന് റിപ്പോർട്ട് ചോദിച്ചു കൊണ്ടുള്ള കത്ത് ലഭിച്ചതായും ഇത് സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് ഉടനെ നൽകുമെന്നും സോണൽ ഓഫീസ് അധികൃതർ പറഞ്ഞു.
സൂപ്പർ ഫാസ്റ്റിന് രാമനാട്ടുകരയിൽ ഫെയർ സ്റ്റേജ് ഇല്ലാത്തതിനാൽ കോഴിക്കോട്ടുനിന്ന് തെക്കൻ ജില്ലകളിലേക്കുള്ള കെ.എസ്. ആർ. ടി.സി. ബസുകളിൽ രാമനാട്ടുകരയിലേക്കുള്ള യാത്രക്കാർ കയറിയാൽ ഇപ്പോൾ യൂണിവേഴ്സിറ്റിയിലേക്കുള്ള ടിക്കറ്റ് നിരക്ക് നൽകണം.തിരിച്ചു കോഴിക്കോട്ടേക്കുള്ള ബസുകളിൽ രാമനാട്ടുകരയിൽ ഇറങ്ങാൻ കോഴിക്കോട്ടേക്കുള്ള നിരക്ക് നൽകണം. രാമനാട്ടുകരയിൽ സൂപ്പർ ഫാസ്റ്റിന് സ്റ്റോപ്പ് ഉണ്ടെങ്കിലും ഫെയർസ്റ്റേജ് ഇല്ലാത്തത് യാത്രക്കാർക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കുകയാണ്