മെഡിക്കൽ കോളേജിൽ ആകാശപാത ഉദ്ഘാടനം നാളെ
കോഴിക്കോട്:
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആകാശപാത, നവീകരിച്ച അസ്ഥിരോഗവിഭാഗം ഒ.പി. എന്നിവയുടെ ഉദ്ഘാടനവും ഡോ. എ.ആർ. മേനോന്റെ പ്രതിമയുടെ അനാച്ഛാദനവും തിങ്കളാഴ്ച നടക്കുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. പത്ര സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി വീണാ ജോർജാണ് പ്രതിമ അനാച്ഛാദനവും ഒ.പി. ഉദ്ഘാടനവും നിർവഹിക്കുക. ആകാശപാത മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
172 മീറ്റർ നീളമുള്ള ആകാശപാത വരുന്നതോടെ ഇലക്ട്രിക് കാറിൽ രോഗികളെ പാതയിലൂടെ കൊണ്ടുപോകാനാവും. ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും മെഡിക്കൽ കോളേജിലെ പൂർവ വിദ്യാർഥികളുടെയും സഹായത്തോടെയാണ് രണ്ടുകോടിരൂപയുടെ പാത യാഥാർഥ്യമാക്കിയത്.
കേരളത്തിലെ ആദ്യത്തെ ആരോഗ്യമന്ത്രിയായിരുന്ന ഡോ. എൻ.ആർ. മേനോന്റെ അർധ വെങ്കല പ്രതിമയാണ് സ്ഥാപിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് ചെലവ്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 3.45 ലക്ഷംരൂപ ചെലവിൽ അസ്ഥിരോഗവിഭാഗം ഒ.പി. നവീകരിച്ചത്. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, അഡീഷണൽ സൂപ്രണ്ട് ഡോ. കെ.പി. സുനിൽകുമാർ എന്നിവരും പങ്കെടുത്തു.