മൗലികാവകാത്തിന് മേലുള്ള കടന്നുകയറ്റം സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുന്നു: എം എ റസാഖ് മാസ്റ്റര്‍
പെരുമണ്ണ:.
മൗലികാവകാശ ധ്വംസനത്തിൻ്റെ കാര്യത്തിൽ ബി.ജെ.പിയും സി.പി.എമ്മും മത്സരിക്കുകയാണെന്നും കർണ്ണാടകയിൽ മുസ്ലിം പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം നിഷേദിച്ചത് ബി.ജെ.പിയാണെങ്കിൽ എസ്.പി.സി യൂണിഫോമിൽ നിന്നും ഹിജാബ് വെട്ടിമാറ്റിയത് സി.പി.എം ഭരിക്കുന്ന കേരളത്തിലാണെന്നും മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍ പറഞ്ഞു. മൗലികാവകാശത്തിലെ കടന്ന് കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി പെരുമണ്ണയില്‍ സംഘടിപ്പിച്ച ജാഗ്രത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യം ലോകത്തിന് മുന്നില്‍ തല കുനിക്കേണ്ട അവസ്ഥ വന്നതില്‍ സി പി എമ്മിനും ബി ജെ പി ക്കും തുല്യ ഉത്തരവാദിത്തമാണ് ഉള്ളത് എന്നും ഇരു കക്ഷികള്‍ളും തമ്മില്‍ അന്തര്‍ധാര സജീവമാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ മതേതരത്വം ലോകത്തിന് അഭിമാനമാണെന്നും അത് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഭരണകൂടം നടത്തുമ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. അധികാരത്തിന് വേണ്ടി കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാര്‍ വര്‍ഗീയത ആളിക്കത്തിക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാനും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കിയ അവകാശങ്ങള്‍ സംരക്ഷിക്കാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും വിദ്യാ ബാലകൃഷ്ണന്‍ പറഞ്ഞു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് ഐ സല്‍മാന്‍ പെരുമണ്ണ അദ്ധ്യക്ഷനായിരുന്നു. കെ എം എ റഷീദ്, വി പി മുഹമ്മദ് മാസ്റ്റര്‍, ഒ എം നൗഷാദ്, കുഞ്ഞിമരക്കാര്‍ മലയമ്മ, എം പി സലീം എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. നൗഷാദ് സി, യു എ ഗഫൂര്‍, സിറാജ് ഇ എം, ടി പി എം സാദിക്ക്, സി ടി ശരീഫ്, മുഹമ്മദ് കോയ കായലം, സി എം മുഹാദ്, അബ്ദുള്ള നിസാര്‍ എന്‍ ടി, റിയാസ് പുത്തൂര്‍മഠം എന്നിവര്‍ ജാഗ്രത സംഗമത്തിന് നേതൃത്വം നല്‍കി.