Peruvayal News

Peruvayal News

മാവൂർ പഞ്ചായത്ത് ഭരണസമിതി അധികാരം വിട്ടൊഴിയണം സി പി ഐ എം


മാവൂർ പഞ്ചായത്ത് ഭരണസമിതി അധികാരം വിട്ടൊഴിയണം 
സി പി ഐ എം 

മാവൂർ: മാവൂർ പഞ്ചായത്ത് ഭരിക്കുന്ന യൂ ഡി എഫ് ഭരണസമിതി അധികാരം വിട്ടൊഴിയണമെന്ന് സി പി ഐ എം നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പതിനഞ്ചാം വാർഡ് മെമ്പർ കെ ഉണ്ണികൃഷ്ണനെതിരെ മാവൂർ പഞ്ചായത്ത് ഭരണസമിതി പാസാക്കിയ പ്രമേയം പഞ്ചായത്തീരാജ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് കണ്ടെത്തി പ്രമേയം റദ്ദാക്കാനും ഓംബുഡ്സ്മാന് കൈമാറാനും സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിൽ പ്രസിഡൻ്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ തൽസ്ഥാനത്ത് തുടരാൻ അർഹനല്ല എന്ന് നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ഇത്തരമൊരു പ്രമേയം നിലനിൽക്കുന്നതല്ലെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടിയിട്ടും തിരുത്താൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം ചട്ടവിരുദ്ധ പ്രവർത്തനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. പൊലീസ് പിടിച്ചെടുത്ത  അനധികൃത മണൽ തോണി പഞ്ചായത്തിൻ്റെ രജിസ്റ്ററിൽ ഉള്ള തോണിയാണെന്ന് സ്വന്തം ലെറ്റർപാഡിൽ സാക്ഷ്യപ്പെടുത്തി ഒപ്പിട്ട് നൽകിയ പഞ്ചായത്ത്  പ്രസിഡൻറും സെക്രട്ടറിയും നിയമവിരുദ്ധ പ്രവർത്തനമാണ് നടത്തിയത്. ഈ രേഖ കാണിച്ചാണ് തോണി ഉടമ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചത്. ഇതിനെതിരെ നിയമപരമായും ബഹുജനങ്ങളെ അണി നിരത്തിയും പോരാട്ടം നടത്തും. മാവൂർ പഞ്ചായത്ത് വൻ സാമ്പത്തിക കെണിയിലാണ് അകപ്പെട്ടിരിക്കുന്നത്. കെ യു ആർ ഡി എഫിൽ നിന്ന് വാങ്ങിയ കോടിക്കണക്കിന് രൂപയുടെ മുതൽ തുക ഇതുവരെ തിരിച്ചടച്ചിട്ടില്ല. പലിശ മാത്രമാണ് തിരിച്ചടച്ചിട്ടുള്ളത് . പ്രതിവർഷം രണ്ടര ശതമാനം തുകയാണ് പിഴ  പലിശയായി അടക്കുന്നത്. ഇതു വരെ അടച്ചത് 31,54,730  രൂപയാണ്. രണ്ട് കോടിയിലേറെ രൂപ അടക്കാനുണ്ട്. ഷോപ്പിംങ്ങ് കോംപ്ലക്സിലെ മുറികൾ വാടകക്ക് കൊടുത്ത വകയിൽ ഡിപ്പോസിറ്റ് ആയി സ്വീകരിച്ച  695500തുക തിരിച്ചു കൊടുക്കാനുണ്ട്. പണം ആവശ്യപ്പെട്ടു വരുന്നവരോട് ആരെങ്കിലും മുറി എടുത്താൽ തുക തിരിച്ചു തരാമെന്നാണ്. മുറികൾ ലേലം ചെയ്ത വകയിൽ ഒരു കോടിയിലേറെ രൂപ പഞ്ചായത്തിന് കിട്ടാനുണ്ട്. ലോണെടുത്ത തുക ഒരു ഗഡു മൂന്നു മാസം കൂടുമ്പോൾ 22 ലക്ഷം രൂപ അടക്കണം . ഇതു വരെ ഒരു രൂപ പോലും ഈ ഇനത്തിൽ തിരിച്ചടച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നതായും നേതാക്കൾ പറഞ്ഞു. കുടുംബശ്രീയുടെ അഞ്ച് ഉപസമിതിയുടെ കൺവീനർമാർ തെരഞ്ഞെടുപ്പിലും മുഴുവൻ പേരും ഇടതുപക്ഷവുമായി സഹകരിക്കുന്നവരാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും അവർ പറഞ്ഞു. മുമ്പ് നടന്ന തെരഞ്ഞെടുപ്പിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ഏകപക്ഷീയമായ വാർത്തകൾ നൽകി തെരഞ്ഞെടുപ്പ് നിർത്തിവെപ്പിച്ചവർ ഇപ്പോൾ മൗനം പാലിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ ഇ എൻ പ്രേമനാഥൻ, സുരേഷ് പുതുക്കിടി, എൻ ബാലചന്ദ്രൻ , എ പി മോഹൻദാസ് , കെ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു .
Don't Miss
© all rights reserved and made with by pkv24live