ഒടുമ്പ്ര പള്ളിക്കടവ് പാലം സ്ഥലമെടുപ്പ് നടപടികൾ ത്വരിതപ്പെടുത്താൻ തീരുമാനം
കുന്നമംഗലം മണ്ഡലത്തെ കോഴിക്കോട് സൗത്ത് മണ്ഡലവുമായി ബന്ധിപ്പിക്കുന്ന ഒടുമ്പ്ര പള്ളിക്കടവ് പാലം സ്ഥലമേറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്താൻ തീരുമാനമായി. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഒടുമ്പ്രയും കോഴിക്കോട് കോർപ്പറേഷനും തമ്മിൽ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട പാലത്തിന് 8.14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
പൊതുമരാമത്ത് പാലങ്ങൾ വിഭാഗം തയ്യാറാക്കിയ ഡിസൈൻ പ്രകാരം പാലം പ്രവൃത്തി നടത്തുന്നതിന് ഒളവണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥലം ലഭ്യമാക്കുന്നതിലുള്ള തടസ്സങ്ങൾ നീക്കിയിട്ടുണ്ട്. കോർപ്പറേഷൻ പരിധിയിലുള്ള സ്ഥലം കൂടി ലഭ്യമാകുന്നതോടെ പാലത്തിൻ്റെ പ്രവൃത്തി ആരംഭിക്കുന്നതിന് സാധിക്കും.
കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എൽ.എ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ബാബുരാജൻ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയർ പി.കെ മിനി, എക്സിക്യൂട്ടീവ് എഞ്ചിനീയർ ബെന്നി ജോൺ, അസി. എക്സി. എഞ്ചിനീയർ എൻ.വി ഷിനി, അസി. എഞ്ചിനീയർ വി അമൽജിത്ത്, കോർപ്പറേഷൻ കൗൺസിലർ ആയിശബി പാണ്ടികശാല, തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രതിനിധികളായ പി അബ്ദുൽ ബഷീർ, എം.ടി മുഹമ്മദ് ഇർഷാദ് സംസാരിച്ചു.