Peruvayal News

Peruvayal News

സ്ത്രീ വിദ്യഭ്യാസം:വിളി കേൾക്കാൻ സമസ്തയുണ്ട് റഫീഖ് ഫൈസി പെരിങ്ങൊളം:


സ്ത്രീ വിദ്യഭ്യാസം:
വിളി കേൾക്കാൻ സമസ്തയുണ്ട്
 റഫീഖ് ഫൈസി പെരിങ്ങൊളം:

ഭൗതികതക്കും ആത്മീയ ഉന്നമനത്തിനും അനുദിനം പുതിയ നിർവ്വചനങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടുന്ന നവ യുഗത്തിലും കേരളത്തിൻ്റെ മതവിദ്യാഭ്യാസ രംഗം അനുഗ്രഹീതമാണ്. സമ്പൂർണ്ണ ഇസ്ലാമിക രാജ്യങ്ങളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രങ്ങളെക്കാളും  കേരളീയ മത വിദ്യാഭ്യാസ ഭൂമിക വളർന്നുവെന്ന് പറയുന്നത് നാം മാത്രമല്ല. ആദർശനിഷ്ഠയും, സംഘടനാ ചടുലതയും, പൈതൃക മാതൃകയും, എല്ലാം ഒത്തുവന്നപ്പോൾ കേരളം ലോക മത വിദ്യാഭ്യാസ ഭൂമികയിലെ മക്കയായി. വിശ്വോത്തര പണ്ഡിതന്മാർ, ഗ്രന്ഥങ്ങൾ, ഗ്രന്ഥാലയങ്ങൾ, വ്യതിരിക്തവും, വ്യവസ്ഥാപിതവുമായ പാഠ്യപദ്ധതികൾ എന്നിവയെല്ലാം പ്രഫുല്ല മായ പശ്ചാത്തലത്തിലൂടെ ഇവിടെ നിലനിന്നു.
എന്നാൽ പൈതൃക പാതയിൽ മതമൂല്യങ്ങൾ സജലമായിരുന്ന ഗൃഹാന്തരീക്ഷത്തിൽ പുരോഗമനത്തിൻ്റെ പേരുപറഞ്ഞ് അധാർമികത മുളയെടുക്കാൻ തുടങ്ങി. നമ്മുടെ പെൺകുട്ടികൾക്ക് പൊതു കലാലയങ്ങളിൽ ധാർമികാന്തരീക്ഷം മരീചികയായി തുടങ്ങി. വിദ്യാഭ്യാസമെന്നാൽ എന്തുമാകാമെന്ന ഭൗതിക കലാലയങ്ങളോട് ധാർമിക ബോധമുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് പൊരുത്തപ്പെടാൻ കഴിയാതെ വന്നു. ഈ സാഹചര്യത്തിലാണ് ഉത്തമ കുടുംബിനികളിലൂടെ ഉത്തമ സമുദായ സൃഷ്ടിക്ക് മതഭൗതിക വിദ്യാഭ്യാസ രംഗത്ത് സ്ത്രീ ശാക്തീകരണം അത്യാവശ്യമെന്ന് സമസ്ത തീരുമാനിക്കുന്നത്.

ഫാളില പിറക്കുന്നു

എസ്എസ്എൽസി കഴിഞ്ഞ നമ്മുടെ പെൺകുട്ടികൾക്ക് പ്ലസ് വൺ, പ്ലസ് ടു പഠനത്തോടൊപ്പം ധാർമിക മൂല്യത്തിൽ അധിഷ്ഠിതമായ മതഭൗതിക പഠനവും ഭാഷാ പഠനങ്ങൾ, ഹോം സയൻസ്, പ്രീ മാരിറ്റൽ കോഴ്സ്, ചൈൽഡ് കെയർ, പാലിയേറ്റീവ് കെയർ, പ്രസംഗ-തൂലിക പരിശീലനം, പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് തുടങ്ങിയ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന രണ്ട് വർഷ കോഴ്സാണ് ഫാളില. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ആവിഷ്കരിച്ചതും, നേരിട്ട് നടത്തുന്നതും ബോർഡ് തന്നെ നേരിട്ട് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതുമായ രീതിയിലാണ് ഫാളില കോഴ്സ് നടക്കുന്നത്. എന്നാൽ പ്ലസ്ടു കഴിഞ്ഞവർക്ക് അംഗീകൃത യൂണിവേഴ്സിറ്റിയുടെ ഡിഗ്രി യോടൊപ്പം മതപഠനവും മറ്റും നൽകുന്നതാണ് ഫളീല.

ഖുർആൻ ഹദീസ്, ശരിഅ: ലോ, നഹ്വ്, ഇസ്ലാമിക് ഹിസ്റ്ററി, ഭാഷ സാഹിത്യം, ഇസ്ലാമിക ഫെയ്ത് തുടങ്ങിയ മത വിഷയങ്ങളും കൗൺസിലിംഗ് ക്ലാസുകൾ, ആർട്ടിസ്റ്റുകൾ, പഠനയാത്രകൾ, പേഴ്സണാലിറ്റി ഡെവലപ്പ് ക്ലാസുകൾ, മാഗസിൻ നിർമ്മാണം, സെമിനാറുകൾ, സന്നദ്ധ സേവനം തുടങ്ങിയ വിഷയങ്ങളും ഫാളിലക്കൊപ്പം നൽകിവരുന്നു.

ജന്ന വിമൺസ് കോളേജ്

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ ഫാളില ഫളീല കോഴ്സ് ബോർഡിൻ്റെ എല്ലാ നിർദ്ദേശങ്ങളും അനുസരിച്ചുകൊണ്ട് നടക്കുന്ന മതഭൗതിക കലാലയമാണ് ജന്ന.

2018ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് അഡ്മിഷൻ നൽകി സമന്വയ രീതിയിൽ തുടങ്ങുകയും ബഹുമാനപ്പെട്ട സമസ്ത ഫാളില കോഴ്സ് പ്രഖ്യാപിച്ചപ്പോൾ ആദ്യ വർഷം തന്നെ മുപ്പത്തി രണ്ടാമത്തെ രജിസ്റ്റർ നമ്പറിൽ അംഗീകാരം ലഭിക്കുകയും ചെയ്തു.
പഠന - പാഠ്യേതര വിഷയങ്ങളിൽ വളരെയേറെ മുന്നിട്ടു നിൽക്കുന്ന ജന്നക്ക് ഇതിനകം നിരവധി അംഗീകാരങ്ങൾ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ലഭിക്കുകയുണ്ടായി. കോവിഡ് മഹാമാരിക്കിടയിലും അതിജീവനത്തിൻ്റെ വഴിയിൽ തിളക്കമാർന്ന നേട്ടങ്ങൾ നേടിയെടുക്കാനുമായി. 

ഫാളിലയുടെ ആദ്യ ബാച്ചിൻ്റെ പൊതു പരീക്ഷ ഫലം ശൈഖുനാ എം ടി ഉസ്താദ് പ്രഖ്യാപിച്ചപ്പോൾ സംസ്ഥാന തലത്തിൽ തന്നെ രണ്ടാം റാങ്ക് നേടാൻ കഴിഞ്ഞത് പ്ലസ്ടുവിൽ മുഴുവൻ വിഷയങ്ങളിലും 
എ പ്ലസ് നേടിയ ജന്നയുടെ അഭിമാനമായ വിദ്യാർത്ഥിനി റാഹില അമ്പലക്കണ്ടിയായിരുന്നു.

സംസ്ഥാനതലത്തിൽ 1247 ഫാളില വിദ്യാർഥിനികൾ പങ്കെടുത്ത എക്സ്പ്ലോറിംങ് സമസ്ത ഫാളില ക്വിസ് കോമ്പറ്റീഷനിൽ 
എ പ്ലസ് നേടി ആദ്യ മുപ്പതിൽ അവാർഡിന് അർഹയായ 
ഷംന ഷെറിൻ ചാത്തമംഗലം സ്ഥാപനത്തിന്റെ അഭിമാനമായി. സംസ്ഥാന തലത്തിൽ നടത്തിയ മാഗസിൻ മത്സരത്തിൽ കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ മാഗസിൻ ജന്നയുടെതായിരുന്നു.

ജന്ന സ്റ്റുഡൻസ് യൂണിയൻ (JSU ) വിദ്യാർഥിനികൾക്ക് ഏറെ സഹായകമാണ്. പ്രസംഗ പരിശീലനത്തിന് ടാലൻറ് ഹണ്ടും രചന മികവിന് മാഗസിനും പ്രതിഭ തെളിയിക്കാൻ 
തഹ് വാർ ആർട്സ് ഫെസ്റ്റും ചാരിറ്റി പ്രവർത്തനത്തിന് വൺ ഡേ വൺ റുപ്പീസും സോഷ്യൽ വർക്കായി പാലിയേറ്റീവ് പ്രവർത്തനവും ജനറൽനോളജിനായി ജികെ ക്ലബ്ബും പ്രതിഭകൾക്ക് അവസരം നൽകാൻ ജന്നാ ഓൺലൈൻ യൂട്യൂബ് ചാനലും പിന്നെ പഠനയാത്രയും വിശിഷ്ട ദിനാചരണങ്ങൾ, മിഷൻ എ പ്ലസ് പദ്ധതി, ട്രെൻഡ് ട്രെയിനേഴ്സ് നൽകുന്ന വിവിധ ട്രെയിനിങ്ങുകളും വിദ്യാർഥികളെ പ്രതിഭകൾ ആക്കി മാറ്റുന്നു 

മതരംഗത്തും ഭൗതിക രംഗത്തും ഒരുപോലെ കയ്യൊപ്പ് ചാർത്തിയ ജന്ന മതമൂല്യങ്ങളിൽ ഒതുങ്ങിനിന്നു കൊണ്ട് തന്നെ നവ സാധ്യതകളിലേക്ക് പറന്നുയരുകയാണ്. ഇനിയും ഏറെയുണ്ടെന്ന ബോധത്തോടെ നാലാം വർഷത്തേക്ക് കാലെടുത്തു വെക്കുന്നു
Don't Miss
© all rights reserved and made with by pkv24live