കുന്ദമംഗലം കോടതി കെട്ടിട നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെട്ടിട നവീകരണ പ്രവൃത്തി ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് ജഡ്ജ് പി രാഗിണി ഉദഘാടനം ചെയ്തു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെ 2018-19 ബഡ്ജറ്റില്‍ അനുവദിച്ച 1 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്‍റെ നവീകരണം നടത്തുന്നത്. നൂറ് വര്‍ഷം പൂര്‍ത്തീകരിച്ച കുന്ദമംഗലം കോടതിയുടെ ചരിത്ര പ്രാധാന്യവും കെട്ടിടത്തിന്‍റെ പൈതൃകവും സംരക്ഷിച്ചുകൊണ്ടുള്ള പ്രവൃത്തികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. കുന്ദമംഗലം കോടതിയുടെ നൂറാം വാര്‍ഷികാഘോഷം 2019 ഡിസംബര്‍ 24 ന് ഹൈക്കോടതി ജസ്റ്റിസ് എ.എം ഷഫീഖ് ഉദ്ഘാടനം ചെയ്തിരുന്നു.
കുന്ദമംഗലത്ത് പോലീസ് സ്റ്റേഷനും കോടതിയും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആഭ്യന്തര വകുപ്പിന്‍റെ കൈവശത്തിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷന്‍ മാറ്റിയതോടെയാണ് കോടതി കെട്ടിടത്തിന്‍റെ നവീകരണത്തിന് സാഹചര്യമൊരുങ്ങിയത്. കോടതിയിലേക്കുള്ള റോഡിന്‍റേയും കുടിവെള്ള കണക്ഷന്‍റേയും പ്രവൃത്തികള്‍ പി.ടി.എ റഹീം എം.എല്‍.എ മുഖേന അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ ഫാത്തിമ ബീവി മുഖ്യാതിഥിയായി. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ നിസാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ, കുന്ദമംഗലം പോലീസ് എസ്.എച്ച്.ഒ യൂസഫ് നടുത്തറേമ്മൽ, പി ചാത്തുക്കുട്ടി, കെ ശ്രീകുമാർ സംസാരിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എം മുസ്തഫ സ്വാഗതവും ട്രഷറർ ടി.പി ജുനൈദ് നന്ദിയും പറഞ്ഞു.