പറവകൾക്ക് ദാഹജലവുമായി സെന്റ് ജോസഫ്സ് യു.പി. സ്കൂൾ പുല്ലൂരാംപാറ
വേനൽച്ചൂടിൽ വലയുന്ന പക്ഷികൾക്ക് വിദ്യാലയ പരിസരത്ത് ദാഹജലമൊരുക്കി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ വിദ്യാർത്ഥികൾ സമൂഹത്തിന് മാതൃകയാകുന്നു. സ്കൂളിലെ ജെ.ആർ.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് സ്കൂൾ മുറ്റത്തെ മരങ്ങളിൽ വെള്ളം നിറച്ച മൺപാത്രങ്ങൾ തൂക്കി കിളികൾക്ക് ദാഹശമനത്തിന് ക്രമീകരണം നടത്തിയത്. വിദ്യാർത്ഥികളിൽ സഹജീവി സ്നേഹവും പ്രകൃതി സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പി.റ്റി.എ പ്രസിഡന്റ് സിജോ മാളോല, ജെ.ആർ.സി കോർഡിനേറ്റർ ഷെറിൻ ബേബി എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. തുടർന്ന്, വിദ്യാർത്ഥികൾക്ക് വീടുകളിലും ഇത്തരം സംവിധാനം ഒരുക്കുന്നതിനുള്ള പരിശീലനവും നൽകി.