മണ്ണെണ്ണ വിളക്കിൽ നിന്നും തീപിടിച്ച് വയോധികന് ദാരുണാന്ത്യം
മണ്ണെണ്ണ വിളക്കിൽ നിന്നും തീപിടിച്ച് വയോധികന് ദാരുണാന്ത്യം. കിടന്നുറങ്ങുന്നതിനിടെ സമീപത്ത് വെച്ച മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണ് വയനാട് പിലാക്കാവ് സ്വദേശി ജെസ്സി കൃഷ്ണനാണ് മരിച്ചത്.
ഇയാൾ വീട്ടിൽ തനിച്ചാണ് താമസിച്ചു വന്നിരുന്നത്. ഇന്ന് രാവിലെ വാതിൽ തുറക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിനോട് ചേർന്ന് മണ്ണെണ്ണ വിളക്ക് മറിഞ്ഞു കിടക്കുന്നുണ്ട്. ധരിച്ച വസ്ത്രവും, കമ്പിളിയും ഭാഗികമായി കത്തി നശിച്ചു. മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.