ഒളവണ്ണ സിഎച്ച്.സി പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ തീരുമാനം
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഒളവണ്ണ സി.എച്ച്.സിയുടെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പി.ടി.എ റഹീം എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ പ്രവർത്തന സമയം ദീർഘിപ്പിക്കുന്നതിനും ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിനും നടപടികൾ സ്വീകരിക്കും. വാർഡ് തല ആർ.ആർ.ടികൾ ശക്തിപ്പെടുത്തുന്നതിനും വാക്സിൻ വിതരണം കാര്യക്ഷമമാക്കുന്നതിനും ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും നേതൃത്വം നൽകും.
ആശുപത്രിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിഷയങ്ങളിൽ അതാത് സന്ദർഭങ്ങളിൽ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവീന്ദ്രൻ പറശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ ശൈലജ, പി ബാബുരാജൻ, ബ്ലോക്ക് മെമ്പർ എ.പി സെയ്താലി, ഡി.എം.ഒയുടെ പ്രതിനിധി ഡോ. വി.ആർ ലത, മെഡിക്കൽ ഓഫീസർ ഡോ. കെ.എം ദീപ, ഹെൽത്ത് ഇൻസ്പെക്ടർ എസ് ജോഷി, ബാബു പറശ്ശേരി, കെ ബൈജു, എൻ മനോജ് കുമാർ, പി.ജി വിനീഷ് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കാടൻ സ്വാഗതവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി റംല നന്ദിയും പറഞ്ഞു.