കലാം വേൾഡ് റെക്കോഡ് കരസ്ഥമാക്കി അധ്യാപിക അര്‍ജ്ജുന ടീച്ചർ
പെരുമണ്ണ:
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന് പിന്നാലെ മുന്‍ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരിലുള്ള കലാം വേൾഡ് റെക്കോഡ് കരസ്ഥമാക്കി പെരുമണ്ണ അറത്തിൽ പറമ്പ് എ.എം.എൽ.പി സ്കൂളിലെ അധ്യാപിക അര്‍ജ്ജുന ടീച്ചർ.
വിദ്യാഭ്യാസം ഓൺലൈനിലേക്ക് മാറിയതോടെ കുട്ടികള്‍ക്കായി തന്റെ വീട് തന്നെ മനോഹരമായ ക്ലാസ് മുറിയാക്കുകയും പഞ്ഞി, ഈര്‍ക്കിൾ, ഐസ് സ്റ്റിക്ക്, മണല്‍, മരപ്പൊടി, ധാന്യങ്ങള്‍, കാർബൺ പേപ്പർ, വർണ്ണക്കടലാസുകൾ, വൈക്കോൽ എന്നീ വസ്തുക്കള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് ആകര്‍ഷകമായ രീതിയില്‍ പഠന വസ്തുക്കള്‍ നിര്‍മ്മിക്കുകയും അത് വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഓൺലൈനായി ക്ലാസ് എടുത്തു കൊടുക്കുകയും ചെയ്തത് മുമ്പ് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഈ മികവുറ്റ പ്രവര്‍ത്തനത്തിന് 2021 ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയതിനു പിന്നാലെ ഇപ്പോൾ കലാം വേൾഡ് റെക്കോഡും അധ്യാപികയെ തേടി എത്തിയത്.
കലാം വേൾഡ് റെക്കോഡ് പുരസ്കാരവും പ്രശസ്തി പത്രവും കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അര്‍ജ്ജുന ടീച്ചർക്ക് കൈമാറി. ഈ അംഗീകാരം തന്നെ തേടിയെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും വ്യത്യസ്തമായ പഠനരീതി കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെയുള്ള വസ്തുക്കള്‍ നിർമ്മിക്കുകയും വീട് തന്നെ ക്ലാസ്സ് മുറിയാക്കിയതെന്നും അര്‍ജ്ജുന ടീച്ചർ പറഞ്ഞു.
അറത്തിൽ പറമ്പ് എ.എം.എൽ.പി സ്കൂളിൽ കഴിഞ്ഞ 2 വര്‍ഷം അധ്യാപികയായി ജോലി ചെയ്യുന്ന അര്‍ജ്ജുന ടീച്ചർ ഭര്‍ത്താവ് വിപിന്റെയും ഏക മകന്‍ ധൻവിൻ കൃഷ്ണയുടെയും ഒപ്പം പെരുമണ്ണ പലത്തുംകുഴി പാറക്കൽ വീട്ടില്‍ കഴിയുകയാണിപ്പോൾ.