പ്ലാസ്റ്റിക് വിമുക്ത ലോകം പദ്ധതി:
ഫാറൂഖ് കോളേജിലെ
എൻ.സി.സി കേഡറ്റുകൾ
മാവൂർ തണ്ണീർ തടം ശുചീകരിച്ചു.
മാവൂർ:
ഫാറൂഖ് കോളേജിലെ
29 (കെ) ബറ്റാലിയൻ എൻ.സി.സി ആർമി ബോയ്സ് യൂണിറ്റ് മാവൂർ തണ്ണീർത്തടത്തിൽ ശുചീകരണം നടത്തി.
കോളേജിലെ 48 കേഡറ്റുകളാണ് മാവൂരിൽ നടന്ന ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായത്.
ദേശാടന പക്ഷികളുടെ ആവാസകേന്ദ്രമായ മാവൂരിലെ തണ്ണീർതടങ്ങളിൽ സന്ദർശകർ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് വിദ്യാർത്ഥികൾ ചാക്കുകളിൽ ശേഖരിച്ചത്.
തെങ്ങിലക്കടവിൽ നിന്നാരംഭിച്ച്
പുത്തൻകുളം വരെയുള്ള പൈപ്പ് ലൈൻ റോഡിനോട് ചേർന്നുള്ള ഭാഗമാണ് ശുദ്ധീകരണത്തിനായി തെരഞ്ഞെടുത്തത് . 45 ചാക്ക് പ്ലാസ്റ്റിക്കുകൾ തണ്ണീർത്തടത്തിന്റെ വശങ്ങളിൽ നിന്ന് കേഡറ്റുകൾ ശേഖരിച്ച് പഞ്ചായത്തിലെ ഹരിത കർമ്മ സേന പ്രവർത്തകർക്ക് കൈമാറി.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ മാസ്റ്റർ മുഖ്യാതിഥി ആയി പങ്കെടുത്തു. ഷിഫ സി.ടി (ഗവേഷക വിദ്യാർത്ഥിനി , മടപ്പള്ളി ഗവ. കോളേജ്) "ജൈവവൈവിധ്യവും നീർത്തടങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഫാറൂഖ് കോളേജ് അസോസിയേറ്റ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.അബ്ദുൽ അസീസ് പി, സീനിയർ അണ്ടർ ഓഫീസർ ഡാനിഷ് റഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നായിക് സുബേദാർ ഗണേഷ് ചന്ദ്ര, ഹവിൽദാർ ദർശൻ സിംഗ്, മാവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യ പ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത്, മറ്റു വാർഡ് മെമ്പർമാർ, ഹരിത കർമ സേന അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.