Peruvayal News

Peruvayal News

കുന്ദമംഗലം മണ്ഡലത്തില്‍ 15 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് അനുമതി

 
കുന്ദമംഗലം മണ്ഡലത്തില്‍ 15 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് അനുമതി
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ 15 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. 14 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകളും വലിയ വാഹനങ്ങള്‍ക്കുള്ള ഒരു ഹൈ സ്പീഡ് ചാര്‍ജിംഗ് സ്റ്റേഷനുമാണ് മണ്ഡലത്തില്‍ അനുവദിച്ചുകൊണ്ട് ഉത്തരവായത്.

സംസ്ഥാനത്തൊട്ടാകെ 56 കേന്ദ്രങ്ങളിലാണ് ഹൈ സ്പീ‍ഡ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്. ഇവയില്‍ ഒന്നാണ് കുന്ദമംഗലം മണ്ഡലത്തിലെ കുറ്റിക്കാട്ടൂര്‍ സബ് സ്റ്റേഷനടുത്ത് വെള്ളിപറമ്പില്‍ സ്ഥാപിക്കുന്നത്.

കുന്ദമംഗലം സിന്ധു തിയേറ്റര്‍ പരിസരം, കാരന്തൂര്‍ ബുള്ളറ്റ് ഷോപ്പ് പരിസരം, കട്ടാങ്ങല്‍ ബസ് സ്റ്റാന്റ്, പെരുവയല്‍ മാണിയമ്പലം പള്ളി പരിസരം, വെള്ളിപറമ്പ സര്‍വ്വീസ് സ്റ്റേഷന്‍, പെരുവയല്‍ അങ്ങാടി, മാവൂര്‍ ടൗണ്‍, മാവൂര്‍  പെട്രോള്‍ പമ്പ് പരിസരം, പെരുമണ്ണ വള്ളിക്കുന്ന്, പന്തീരങ്കാവ്, മാത്തറ, ഈസ്റ്റ് പാലാഴി, തിരുത്തിമ്മല്‍താഴം,
ഇരിങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണ് പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും അനിയന്ത്രിതമായ വിലക്കയറ്റം സാധാരണക്കാരായ വാഹന ഉടമകളെയും യാത്രക്കാരെയും വളരെയധികം ബന്ധിമുട്ടിക്കുന്ന സാഹചര്യത്തില്‍ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live