Peruvayal News

Peruvayal News

രണ്ട് റോഡ് പ്രവൃത്തികള്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു


രണ്ട് റോഡ് പ്രവൃത്തികള്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം, എലത്തൂര്‍ മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.
 പണ്ടാരപ്പറമ്പ പാലം പരിസരത്ത് വെച്ച് നടത്തിയ പരിപാടിയില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ സ്വാഗതം പറഞ്ഞു.

2020-21 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 3 കോടി രൂപ ചെലവിലാണ് പന്തീര്‍പാടം തേവര്‍കണ്ടി റോഡ് നവീകരിക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഈ റോഡ് ദേശീയപാത 766 നെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഷ്കരണ പ്രവൃത്തികള്‍ നടത്തിവരുന്ന താമരശ്ശേരി വരിട്ട്യാക്കില്‍ സി.ഡബ്ല്യു. ആര്‍.ഡി.എം റോഡുമായാണ് ബന്ധിപ്പിക്കുന്നത്.

6.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ കുമ്മങ്ങോട്ട്താഴം പണ്ടാരപ്പറമ്പ പന്തീര്‍പാടം റോഡ് കുന്ദമംഗലം, എലത്തൂര്‍ നിയോജക മണ്ഡലങ്ങളെയാണ് പരസ്പരം ബന്ധിപ്പിക്കുന്നത്. നാഷനല്‍ ഹൈവേ 766 ല്‍ പന്തീര്‍പാടം ജംഗ്ഷനില്‍ നിന്നാണ് ഈ റോഡ് ആരംഭിക്കുന്നത്. പ്രസതുത പ്രവൃത്തിയില്‍ പന്തീര്‍പാടം ജംഗ്ഷനില്‍ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടുന്ന പദ്ധതികൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ ലിജി പുൽകുന്നുമ്മൽ, എ സരിത, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എൻ ഷിയോലാൽ, ടി.കെ മീന, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.വി സിന്ധു, കെ മോഹൻദാസ്, പി ശശികല, സജിത ഷാജി, കെ ചന്ദ്രൻ മാസ്റ്റർ, എം മുഹമ്മദ് ഹനീഫ, ടി.പി സുരേഷ്, എം.കെ മോഹൻദാസ്,
ജനാർദ്ദനൻ കളരിക്കണ്ടി, എം.പി കേളുക്കുട്ടി, കെ.പി ചന്ദ്രൻ, അബ്ദുറഹ്മാൻകുട്ടി, അരവിന്ദാക്ഷൻ, മുനീർ വട്ടക്കണ്ടി, എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.കെ ഹാഷിം  സംസാരിച്ചു.
പൊതുമരാമത്ത് നിരത്തു വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി വിശ്വപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു.
Don't Miss
© all rights reserved and made with by pkv24live