മാവൂരിൻ്റെ ഫുട്ബോൾ ആചാര്യൻ സപ്തതിയുടെ നിറവിൽ
മാവൂർ:
കെ.ടി.അഹമ്മദ് കുട്ടിയെന്ന കൈക്കലാം തൊടി അഹമ്മദ് കുട്ടി. മാവൂരുകാരുടെ സ്വന്തം അയമുട്ടിക്ക.കെ.ടി.യെ മലയാളികളറിയുന്നത് കാൽപന്തുകളിയിലൂടെയാണ്. ഇന്ന് എഴുപത് വയസ്സ് പിന്നിടുമ്പോഴും ശരീരവും മനസ്സും ഇപ്പോഴും ഫുട്ബോൾ ലോകത്ത് തന്നെയാണ്. പന്ത്രണ്ട് വയസ്സു മുതൽ തുടങ്ങിയതാണ് ഈ ഫുട്ബോൾ പ്രാന്ത്. അന്ന് തിരുത്തിയിലും പിന്നീട് മാവൂർ പാടത്തും പന്ത് തട്ടിക്കളിച്ച കെ.ടി ഒരു പാട് ടൂർണ്ണമെൻ്റുകളിൽ ജവഹർ മാവൂരിന് വേണ്ടി ജഴ്സിയണിഞ്ഞിട്ടുണ്ട്. അക്കാലത്ത് ക്ലബ്ബ് നിരവധി ട്രോഫികളും കരസ്ഥമാക്കിയിട്ടുണ്ട് . പ്രദേശിക ടൂർണ്ണമെൻ്റുകൾ നടത്തി പിന്നീടത് അഖിലേന്ത്യാതലം വരെയെത്തിയ ടൂർണ്ണമെൻ്റിൻ്റെ നടത്തിപ്പിന് ഊർജ്ജം ലഭിച്ചതിനു പിന്നിലും കെ.ടിയുടെ കരങ്ങൾ തന്നെയായിരുന്നു. ജവഹർ മാവൂരിൻ്റെ പ്രസിഡണ്ട് പദവി അലങ്കരിക്കാൻ തടങ്ങിയിട്ട് അൻപത് വർഷം പിന്നിട്ടു. ഒരു പക്ഷെ ഇത്രയും കാലം ഈ പദവി വഹിച്ച മറ്റൊരാൾ ലോകത്ത് തന്നെ ഉണ്ടാവുമോയെന്ന് സംശയമാണ്. ഇപ്പോൾ മാവൂർ പാടത്ത് നടന്നു വരുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ചെയർമാൻ കൂടിയായ കെ.ടി. എഴുപതാം വയസ്സിലും ഹാപ്പിയാണ്. തൻ്റെ പിൻതലമുറയിലെ കുട്ടികളുടക്കം ജവഹർ ഡേ ബോർഡിംഗ് സകൂൾ വഴി പരിശീലനത്തിനെത്തുന്നുണ്ട്. ഏഴ് വയസ്സിനും പതിനാല് വയസ്സിനുമിടയിലുമുള്ളവർക്കാണ് പരിശീലനം നൽകുന്നത്.
തലമുറകളിൽപ്പെട്ട പലരും തൻ്റെ വഴി വരുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. പതിനഞ്ച് വർഷം മുമ്പ് തുടങ്ങിയതാണ് ജവഹർ ഡേ ബോർഡിംഗ് സ്കൂൾ. നൂറിൽപരം കുട്ടികളുണ്ട്.കുട്ടികളുടെ പ്രകടന മികവിനാൽ പലർക്കും ഇന്ത്യയിലെ മികച്ച ക്ലബ്ബുകളിൽ അവസരം കിട്ടി. ഒരു പാട് പേർക്ക് ഫുട്ബോൾ മികവിൽ ജോലി ലഭിച്ചു .ഒരാൾ തന്നെയെങ്കിലും ഡേ ബോർഡിംഗ് സ്കൂൾ വഴി ഇന്ത്യൻ ടീമിലോ, കേരളത്തിനോ വേണ്ടി ജഴ്സിയണിയട്ടെ - ഇതാണ് ഇനി താങ്കളുടെ ആഗ്രഹമെന്തെന്ന് ചോദിച്ചാൽ അദ്ദേഹത്തിൻ്റെ മറുപടി. ബാല്യവും കൗമാരവും യൗവ്വനവും കഴിഞ്ഞ് വാർദ്ധക്യത്തിന്റെ പടിവാതിലിൽ എത്തുമ്പോഴും കെ.ടി.യുടെ ജൈത്രയാത്ര തുടരുക തന്നെയാണ് പകരം വെക്കാനില്ലാത്ത അമരക്കാരനായിട്ട്.