ഭിന്നശേഷി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
കുന്ദമംഗലം മണ്ഡലത്തില്‍ പ്രത്യേക ക്യാമ്പ് നടത്താന്‍ തീരുമാനം
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ കുന്ദമംഗലം മണ്ഡലത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഭിന്നശേഷി വിഭാഗത്തിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി ലഭ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പി.ടി.എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് യുണിക് ഡിസബിലിറ്റി ഐ.ഡി (യു.ഡി.ഐ.ഡി) കാര്‍ഡോ, ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ കിട്ടാതെ പ്രയാസപെടുന്നത് ശ്രദ്ധയില്‍പെട്ടതിനാലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതിന് എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ത്തത്.
വിവിധ വകുപ്പുകളുടെ ഏകോപനവും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും മറ്റ് ഭൗതിക സാഹചര്യങ്ങളും ഇത്തരം ഒരു മെഡിക്കല്‍ ക്യാമ്പിന്‍റെ വിജയകരമായ നടത്തിപ്പിന് ആവശ്യമാണ്. സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നത്.
പി.ടി.എ റഹീം എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജിത പൂക്കാടൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ലിജി പുൽക്കുന്നുമ്മൽ, പുലപ്പാടി ഉമ്മര്‍, ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ പി റംല, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.പി.എ സിദ്ധീഖ്, ദീപ കാമ്പുറത്ത്, ചന്ദ്രൻ തിരുവലത്ത്, യു.സി പ്രീതി, ശബ്ന റഷീദ്, മെഡിക്കൽ ഓഫീസർമാരായ ഡോ. കെ.എം മനോജ്, ഡോ. ആർ രേഖ, ഡോ. കെ.എം ദീപ, ഡോ. ഒ.പി ശിവകുമാർ, ഡോ. ഹസീന കരീം, സി.ഡി.പി.ഒമാരായ എ.പി സുബൈദ, സി.ടി സൈബുന്നിസ തുടങ്ങിയവർ സംസാരിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി അനിൽകുമാർ സ്വാഗതവും കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം രഞ്ജിത് നന്ദിയും പറഞ്ഞു.