വയലറ്റ് ചെരിപ്പ് നാട്ടുഭാഷയുടെ മാധുര്യമുള്ള കഥകൾ – പി.കെ.പാറക്കടവ്
കോഴിക്കോട്:
കഥയെന്ന് പറയുന്നത് ജീവിതം തന്നെയാണെന്നും, അതുകൊണ്ടാണ് ഒരാൾ മരിക്കുമ്പോൾ കഥ കഴിഞ്ഞു എന്ന് പറയുന്നതെന്നും സാഹിത്യകാരൻ പി.കെ.പാറക്കടവ് പറഞ്ഞു. നാട്ടുഭാഷയുടെ മാധുര്യമുള്ള കഥകളാണ് വയലറ്റ് ചെരിപ്പ് എന്ന കഥാ സമാഹാരത്തിലുള്ളത്. വളച്ചുകെട്ടില്ലാതെയാണ് കഥാകാരി ശ്രീലത രാധാകൃഷ്ണൻ കഥ പറഞ്ഞിട്ടുള്ളത്. എല്ലാ കഥകളിലും കുട്ടികളും, മനസുമുണ്ട്. തനിമയുള്ള പരിചിതമായ ബിംബങ്ങളാണ് കഥാപാത്രങ്ങൾ. അകൃത്രിമമായ ഭാഷയാണ് എഴുത്തുകാരിയുടെ വേറിട്ട ശൈലിയെന്നദ്ദേഹം കൂട്ടിച്ചേർത്തു. സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ശ്രീലത രാധാകൃഷ്ണന്റെ വയലറ്റ് ചെരിപ്പ് കഥാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യകാരൻ പി.ആർ.നാഥൻ പുസ്തകം ഏറ്റുവാങ്ങി. സ്മിത വള്ളിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന സുധാകരൻ എടക്കണ്ടിയിൽ കെ.പി.സുരേന്ദ്രനാഥന് നൽകി നിർവ്വഹിച്ചു. ഹാഷ്മി വിലാസിനി പുസ്തക പരിചയം നടത്തി. ഡോ.ദിനേശൻ കാരിപ്പള്ളി, അഡ്വ.സി.എം.ജംഷീർ, സവിത ശിവറാം, ശ്രീരഞ്ജിനി ചേവായൂർ ആശംസകൾ നേർന്നു. സാഹിത്യ പബ്ലിക്കേഷൻസ്മാനേജിംഗ് ഡയറക്ടർ സുദീപ് തെക്കേപ്പാട്ട് സ്വാഗതവും, ശ്രീലത രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.