ദേഹാസ്വസ്ഥ്യമുണ്ടായ യാത്രക്കാരനെ മിനുട്ടുകൾക്കകം ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ മാതൃകയായി
മാവൂർ: യാത്രയ്ക്കിടയിൽ
ദേഹാസ്വസ്ഥ്യമുണ്ടായ യാത്രക്കാരനെ മിനുട്ടുകൾക്കകം ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ മാതൃക കാണിച്ചു.
മാവൂർ-ചെറൂപ്പ-കുന്ദമംഗലം റൂട്ടിലോടുന്ന 'സാൻവി' ബസിലെ ഡ്രൈവർ മുഹമ്മദ് അർഷാദും കണ്ടക്ടർ അശ്വിനുമാണ് അവസരോചിതമായി ഇടപെട്ട് യാത്രക്കാരൻ്റെ സംരക്ഷകരായി മാറിയത്.
നെഞ്ചുവേദനയുണ്ടായ യാത്രക്കാരനെ കൂടുതലൊന്നും ആലോചിക്കാതെ
കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനാണ് ഇരുവരും ശ്രമിച്ചത്.
ട്രിപ്പ് മുടങ്ങുമ്പോൾ ഉണ്ടാകാവുന്ന സാമ്പത്തിക നഷ്ടങ്ങൾ ഒന്നും ഇവർ കണക്കിലെടുത്തില്ലെന്ന് മാത്രമല്ല രോഗിക്ക് കൂട്ടിരിക്കുവാൻ കൂടി സന്നദ്ധമാറിയതാണ് ഏറെ ശ്രദ്ധേയമായത്.
പിലാശ്ശേരി സ്വദേശിയായ 55 കാരനാണ് നെഞ്ചുവേദനയുണ്ടായത്.
വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് അദ്ദേഹം മാവൂർ സ്റ്റാൻഡിൽനിന്ന് ബസിൽ കയറിയത്.
ബസിൽ കയറിയപ്പോൾതന്നെ ദേഹസ്വാസ്ഥ്യവും അനുഭവപ്പെട്ട ഇയാൾക്ക് വഴിയിലെത്തിയപ്പോൾ ആസ്വാസ്ഥ്യം മൂർച്ഛിച്ചു. തുടർന്ന് ബസ് വഴിയിൽ എവിടെയും നിർത്താതെ ചെറൂപ്പ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജീവനക്കാരുടെ മാതൃകാപരമായ പ്രവർത്തിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.