അരനൂറ്റാണ്ടിന്റെ ഇടവേളക്കുശേഷം മേലൂര്‍ കൊണ്ടംവള്ളി ക്ഷേത്രോത്സവത്തിന് വ്യാഴാഴ്ച രാത്രി കൊടിയേറി.
തന്ത്രി പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്ബൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. ഊരാളന്‍ കളത്തില്‍ നാരായണന് നമ്ബൂതിരി, എക്സിക്യൂട്ടിവ് ഓഫിസര്‍ കെ. വേണു എന്നിവര്‍ സന്നിഹിതരായിരുന്നു.
ഉത്സവത്തോടനുബന്ധിച്ച് വൈകീട്ട് ക്ഷേത്രഗോപുരങ്ങളും ഗണപതി മണ്ഡപവും ചമയങ്ങളും സമര്‍പ്പിച്ചു. 15 ന് ഞരളത്ത് ഹരിഗോവിന്ദന് അവതരിപ്പിക്കുന്ന സോപാനസംഗീതം, പൈങ്കുളം നാരായണ ചാക്യാരുടെ ചാക്യാര്‍കൂത്ത്, വിഷുസദ്യ, അജിത് കൂമുള്ളിയുടെ തായമ്ബക, കലാപരിപാടികള്‍, 16ന് ചാക്യാര്‍കൂത്ത്, ഓട്ടന്തുള്ളല്, അഭിരാമി ഗോകുല്‍നാഥ്, കാര്യതാര ദാമോദരന്‍ എന്നിവരുടെ ഇരട്ടതായമ്ബക, സ്വാതി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം ഇവന് രാധേയന്, 17 ന് ഭക്തിഗാനാമൃതം, കടന്നപ്പള്ളി ശങ്കരന് കുട്ടി മാരാരുടെ തായമ്ബക, തീയാട്ട്, തേങ്ങ ഏറും പാട്ടും, 18ന് പിന്നണി ഗായകന് വിധു പ്രതാപ് നയിക്കുന്ന മെഗാ ഗാനമേള അരങ്ങേറും.
19ന് വളപ്പില്‍ താഴേക്കുള്ള എഴുന്നള്ളത്തും മടക്ക എഴുന്നള്ളും നടക്കും. 20ന് പള്ളിവേട്ടയോടനുബന്ധിച്ച് പടിഞ്ഞാറെ നടയിലേക്ക് എഴുന്നള്ളത്തു നടക്കും. 21ന് ഉച്ചക്ക് ആറാട്ടുസദ്യയോടെ ഉത്സവം സമാപിക്കും.