ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഭരണ സമിതി യോഗ മിനുട്സ് തയ്യാറാക്കുന്നില്ല. എൽ ഡി എഫ് മെമ്പർമാർ ധർണ നടത്തി
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനത്തിൻ്റെ മിനുട്സ് യഥാസമയം തയ്യാറാക്കാത്തതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടന്ന 8 ഭരണ സമിതി യോഗങ്ങളുടെ തീരുമാനങ്ങൾ ഇത് വരെ സകർമ്മ സോഫ്റ്റ് വെയറിൽ ചേർക്കുകയോ, മെമ്പർ മാർക്ക് കോപ്പി നൽകുകയോ ചെയ്തില്ല. തീരുമാനത്തിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് എൽ ഡി എഫ് മെമ്പർമാർ കഴിഞ്ഞ മാർച്ച് 31ന് പഞ്ചായത്ത് പ്രസിഡണ്ടിനും, സിക്രട്ടരിക്കും അപേക്ഷ നൽകിയിട്ടും ഒരു പ്രതികരണവും ഉണ്ടായില്ല. യോഗം അവസാനിച്ച് 48 മണിക്കൂറിനുള്ളിൽ മെമ്പർ മാർക്ക് തീരുമാനത്തിൻ്റെ പകർപ്പ് നൽകണമെന്ന നിയമം നിലനിൽക്കേ, നീട്ടിക്കൊണ്ടുപോവുന്നത് തീരുമാനങ്ങളിൽ കൃത്രിമം കാണിക്കാൻ വേണ്ടിയാണെന്ന് എൽ ഡി എഫ് ആരോപിച്ചു.
സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ധർണ ഉൽഘാടനം ചെയ്തു. 17-ാം വാർഡ് മെമ്പർ സുധ സുരേഷ് അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർമാരായ ടി. സജിത്ത്, ശ്രീലത എൻ.പി, പി.രവീന്ദ്രൻ, പ്രബിത അണിയോത്ത്, ലിസ പുനയം കോട്ട് എന്നിവർ സംസാരിച്ചു.