തെളിനീരൊഴുകും നവകേരളം :
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം
തിരുവമ്പാടി :തെളിനീരൊഴുകും നവകേരളം ക്യാമ്പയ്ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ഗ്രാമ പഞ്ചായത്ത് തല ജല സമിതിയുടെ പ്രഥമ യോഗത്തോടെയാണ് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ക്യാമ്പയ്ൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തിലെ ഇരുവഴഞ്ഞിപുഴയും, പൊയിലിങ്ങാ പുഴയും,തോടുകൾ, ചെറു ജലാശയങ്ങൾ എന്നി മാലിന്യമുക്തമാക്കി ഗ്രാമത്തിന് ഹരിത -ശുചിത്വ - സുന്ദരമായ ജലാശയങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. പദ്ധതിയെ കുറിച്ച് കില ഫാക്കൽറ്റി സോമനാഥൻ കുട്ടത്ത് ക്ലാസെടുത്തു.
ഗ്രാമ പഞ്ചായത്ത് തല ജല സമിതിയിൽ ജനപ്രതിനിധികൾ, മത, രാഷ്ട്രീയ, സാമുഹിക , സാംസ്കാരിക സംഘടനാ നേതാക്കൾ,വിവിധ വകുപ്പു മേധാവികൾ, കുടുംബശ്രീ പ്രവർത്തകർ ആരോഗ്യ പ്രവർത്തകർ ,സ്കൂൾ പ്രതിനിധികൾ തുടങ്ങി അറുപതിലധികം വരുന്ന അംഗങ്ങൾ ചേർന്നതാണ് പഞ്ചായത്ത് ജല സമിതി .വാർഡ് തലത്തിൽ പദ്ധതി പ്രവർത്തനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി വാർഡ് തല ജലസമിതികളും നിലവിൽ വരും. വാർഡ് മെമ്പർമാർ ഈ സമിതിയുടെ അദ്ധ്യക്ഷരായിരിക്കും.
വാർഡുകളിൽ ജലനടത്തം സംഘടിപ്പിച്ച ജലാശയങ്ങൾ മലിനമാകുന്നതിന്റെ ഉറവിടങ്ങൾ കണ്ടെത്തുകയും മലിനമായ പ്രദേശങ്ങളിലെ ജല സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യും. മലിനമായ പ്രദേശങ്ങളെ കൃത്യമായി മാപ്പിംഗ് നടത്തി ശുചിത്വ ജലാശയങ്ങളാക്കാൻ കർമ്മ പദ്ധതികൾ നടപ്പാക്കും. ജലനടത്തിന്റെ ഭാഗമായി ജലാശയങ്ങളുടെ ഓരത്തു വെച്ച് ജലസഭകൾ ചേരുകയും ജലാശയങ്ങൾ ശുചിത്വമുള്ളതാക്കാനുള്ള പദ്ധതികളെ കുറിച്ച് ചർച്ചകളും നടക്കും.
ലോക ഭൗമദിനമായ ഏപ്രിൽ 22 ന് പൊയിലിങ്ങാ പുഴയിൽ ജനകീയ ശുചികരണ യാത്ര സംഘടിപ്പിക്കും. ഗ്രാമ പഞ്ചായത്ത് തല ക്യാമ്പയ്ന് ലോഗോയും ക്യാപ്ഷനും തെയ്യാറാക്കാൻ ജനകീയ എൻട്രികൾ ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട വിവരം ഗ്രാമ പഞ്ചായത്തിന്റെ ടെലഗ്രാം ഗ്രൂപ്പിൽ ലഭ്യമാക്കുന്നതുമാണ്.എല്ലാവരും പദ്ധതിയുമായി സഹകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു.
യോഗത്തിൽ വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , മുഹമ്മദാലി കെ എം , ജോളി ജോസഫ് , ടോമി കൊന്നക്കൽ ,ജോയിക്കുട്ടി ലൂക്കോസ്, സെക്രട്ടറി ബിബിൻ ജോസഫ് , സുന്ദരൻ എ പ്രണവം ജനപ്രതിനിധികൾ, മറ്റു സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.