Peruvayal News

Peruvayal News

ദൃശ്യം സിനിമ മാതൃകയിൽ മാല പിടിച്ചുപറിച്ച സംഘം പിടിയില്‍.

ചെമ്മലത്തൂരിൽ മാല പിടിച്ചുപറിച്ച സംഘം പിടിയില്‍. 
രക്ഷപെടാൻ ശ്രമിച്ചത് ദൃശ്യം സിനിമ മാതൃകയിൽ

കോഴിക്കോട്:  ചെമ്മലത്തൂരും എരഞ്ഞിപ്പാലത്തും വെച്ച്‌ ഭയപ്പെടുത്തി മാല പിടിച്ചുപറിച്ച സംഘം പിടിയില്‍. നടുവട്ടം സ്വദേശി സല്‍മാന്‍ ഫാരിസ്, വട്ടക്കിണര്‍ സ്വദേശി മാന്‍ എന്നറിയപ്പെടുന്ന മന്‍ഹ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും പന്തീരാങ്കാവ് ഇന്‍സ്പെക്ടര്‍ ബൈജു കെ.ജോസും നടക്കാവ് സബ് ഇന്‍സ്പെക്ടര്‍ എസ്.ബി. കൈലാസ് നാഥും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

നാല്‍പതിലധികം സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പെടെ 5000 മെഗാബൈറ്റിലധികം ഡിജിറ്റല്‍ ഡാറ്റയാണ് അന്വേഷണത്തിന്‍റെ ഭാഗമായി ക്രൈം സ്ക്വാഡ് പരിശോധിച്ചത്. പൊലീസിനെ കബളിപ്പിക്കാന്‍ പിടിച്ചുപറിക്കാര്‍ പരസ്പരം വസ്ത്രം മാറിയാണ് ധരിച്ചിരുന്നത്. ദൃശ്യം സിനിമ ആവര്‍ത്തിച്ച്‌ കണ്ടാണ് പൊലീസിന്‍റെ ചോദ്യംചെയ്യല്‍ എങ്ങനെ തരണം ചെയ്യാം എന്ന് മനസ്സിലാക്കിയത്. പിടിച്ചുപറി നടത്തിയ ചൊവ്വാഴ്ച പ്രതി വീട്ടിലുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഞായറാഴ്ച രാത്രി സിനിമ കാണാന്‍ പോയത് തിങ്കളാഴ്ച രാത്രിയാണെന്നും അതിന്റെ ക്ഷീണം കൊണ്ട് ചൊവ്വാഴ്ച വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നുവെന്നുമാണ് സ്ഥാപിക്കാന്‍ ശ്രമിച്ചത്.

അതിനായി അയല്‍വാസികളോടും കൂട്ടുകാരോടും തിങ്കളാഴ്ച രാത്രി സിനിമകണ്ടെന്ന് പറഞ്ഞ് സിനിമ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ടൗണില്‍ മാല പൊട്ടിക്കാന്‍ കറങ്ങുന്നതിനിടെ ഫോണ്‍ വന്നവരോടൊക്കെ വീട്ടിലാണെന്നാണ് പറഞ്ഞത്. പൊലീസിന്‍റെ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ നമ്ബറില്‍ കൃത്രിമം കാണിച്ചതും സൈഡ് വ്യൂ മിറര്‍ അഴിച്ചുമാറ്റിയതും പിന്നെ അവര്‍ സ്വയം പ്രചരിപ്പിച്ച കഥയുമായിരുന്നു പ്രതികള്‍ക്കുണ്ടായിരുന്ന ആത്മവിശ്വാസം. അന്വേഷണത്തിന്‍റെ ഭാഗമായി ഞായറാഴ്ച കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് സിനിമകഥയെ വെല്ലുന്ന പിടിച്ചുപറിയുടെ രഹസ്യം ചുരുളഴിഞ്ഞത്.

പിടിച്ചുപറിയിലൂടെ കിട്ടുന്ന പണം കൊണ്ട് ലഹരി വ്യാപാരം നടത്തി പെട്ടെന്ന് പണക്കാരാകുകയായിരുന്നു ലക്ഷ്യം.

ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത്കുമാര്‍, സി.കെ. സുജിത്, ഷാഫി പറമ്ബത്ത്, പന്തീരാങ്കാവ് എസ്.ഐ എസ്.പി. മുരളീധരന്‍, നടക്കാവ് എ.എസ്.ഐ. പി.കെ. ശശികുമാര്‍, സി.പി.ഒ ബബിത്ത്, സൈബര്‍ വിദഗ്ധന്‍ രാഹുല്‍ മാത്തോട്ടത്തില്‍, കെ. ജിതിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't Miss
© all rights reserved and made with by pkv24live