മന്ത്രിസഭാ വാർഷികാഘോഷത്തിന് ആവേശമായി സൈക്കിൾ റാലി
കോഴിക്കോട് :
സംസ്ഥാന സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തിന് മുന്നോടിയായി സൈക്കിൾ റാലി നടത്തി. തളി ക്ഷേത്രത്തിനടുത്തുനിന്ന് ആരംഭിച്ച റാലി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്തു.
കോഴിക്കോട് ജില്ലാ സൈക്ലിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ ക്ലബ്ബുകൾ, അക്കാദമികൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള നാൽപ്പതോളം വിദ്യാർഥികളാണ് ആഘോഷാരവമുയർത്തി സൈക്കിളുമായി നിരത്തിലിറങ്ങിയത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും സംസ്ഥാന സൈക്ലിങ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ടി.എം. അബ്ദുൾ റഹ്മാന്റെ നേതൃത്വത്തിൽ നടത്തിയ സൈക്കിൾ റാലിയിൽ സൈക്കിൾ പോളോ ദേശീയതാരങ്ങളായ നിഹ്മ കബീർ, റിച്മ കബീർ തുടങ്ങിയവർ പങ്കെടുത്തു. പാളയം, മാനാഞ്ചിറ വഴി ആഘോഷപരിപാടികൾക്ക് വേദിയാവുന്ന ബീച്ചിൽ റാലി അവസാനിച്ചു. സച്ചിൻ ദേവ് എം.എൽ.എ., ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ, സംഘാടകസമിതി കൺവീനർമാരായ ഡോ. എ.കെ. അബ്ദുൾ ഹക്കീം, വസീഫ് തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു