അംഗനവാടിയിലേക്ക് ഫർണീച്ചറുകൾ കൈമാറി
കൊടിയത്തൂർ :
വെസ്റ്റ് കൊടിയത്തൂർ പതിനാറാം വാർഡ് കഴുത്തുട്ടിപുറായി അംഗനവാടിയിലേക്ക് പുതിയ കൂട്ടുകാരെ വരവേൽക്കുന്നതിന് വെസ്റ്റ് കൊടിയത്തൂർ ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി കുട്ടികസേരകൾ നൽകി.
നിലവിലെ കസേരകൾ കാലപ്പഴക്കത്താൽ കേടാവുകയും, കഴിഞ്ഞ വർഷങ്ങളിൽ കൂടുതൽ കുട്ടികൾ പ്രവേശനം നേടുകയും ചെയ്തതോടെ കുഞ്ഞു മക്കൾക്ക് ആവശ്യമായ ഇരിപ്പിട സൗകര്യം ആവശ്യപ്പെട്ട് അംഗനവാടി ടീച്ചർ വാർഡ് മെമ്പറോട് അവതരിപ്പിച്ച ആവശ്യം യൂത്ത് ലീഗ് യൂണിറ്റ് കമ്മറ്റി ഏറ്റെടുക്കുകയായിരുന്നു.
അംഗനവാടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് കെ.ഹസ്സൻകുട്ടി കസേരകൾ പ്രേമാവതി ടീച്ചർക്ക് കൈമാറി. മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡൻ്റ് സി ശമീർ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ്, നിയാസ് കലങ്ങോട്ട്, ജുബൈർ കെ എന്നിവർ സംബന്ധിച്ചു.