കേരഗ്രാമമാകാൻ മാവൂർ പഞ്ചായത്ത്
മാവൂർ :
പഞ്ചായത്തിൽ ബി.പി.എൽ കുടുംബങ്ങൾക്കായി തെങ്ങിൽതൈകൾ വിതരണത്തിന് തയ്യാറായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ചുലക്ഷം രൂപ വകയിരുത്തിയാണ് തെങ്ങിൻ തൈകൾ മുളപ്പിച്ചത്.
കുറ്റ്യാടി വിത്തുതേങ്ങ നേരിട്ടു വാങ്ങി തൊഴിലുറപ്പ് തൊഴിലാളികൾ പാകി മുളപ്പിച്ച 2500 തൈകളാണ് ഇപ്പോൾ വിതരണത്തിന് തയ്യാറായത്. ബി.പി.എൽ. പട്ടികയിലുള്ള 20 സെൻറിൽ താഴെ ഭൂമിയുള്ള കുടുംബങ്ങൾക്കും എസ്.എസി കുടുംബങ്ങൾക്കുമാണ് ഇപ്പോൾ നൽകുന്നത്.
ഒരുവാർഡിൽ 100 തൈകളാണ് നൽകുക. വാർഡംഗങ്ങൾ മുഖേന അപേക്ഷ സ്വീകരിച്ചാണ് വിതരണം.
ഇവർക്ക് നൽകിയതിനുശേഷം തൈകൾ ബാക്കിയായാൽ മുൻഗണനപ്രകാരം മറ്റുള്ളവർക്കും നൽകും. അടുത്ത നാലു വർഷത്തിനകം പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഈ പദ്ധതി എത്തിക്കാനാണ് ലക്ഷ്യമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പുലപ്പാടി ഉമ്മറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പുക്കുഞ്ഞനും പറഞ്ഞു.