സമ്പൂർണ ഇ-സാക്ഷരത കാമ്പയിനുമായി പെരുവയൽ ഗ്രാമ പഞ്ചായത്ത്
പെരുവയൽ:
ഒരുവീട്ടിൽ ഒരാൾക്കെങ്കിലും ഇ-സാക്ഷരത ഉറപ്പാക്കാൻ വിപുലമായ കാമ്പയിനുമായി പെരുവയൽ ഗ്രാമ ഗ്രാമപഞ്ചായത്ത് ഭരണസമിതി. സെന്റ് ജോസഫ്സ് കോളജ് ദേവഗിരിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അക്ഷയ കേന്ദ്രങ്ങളെയോ കമ്പ്യൂട്ടർ സെന്ററുകളെയോ ആശ്രയിക്കാതെ വിവിധ ഓൺലൈൻ സേവനങ്ങൾ വീട്ടിലിരുന്ന് ലഭ്യമാക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. മേയിൽ അയൽസഭ തലത്തിൽ പരിശീലനം സംഘടിപ്പിക്കും.
ദേവഗിരി കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അധ്യാപകരും നൂറോളം വിദ്യാർഥികളും പരിശീലനത്തിന് നേതൃത്വം നൽകും. പ്രത്യേക സോഫ്റ്റ് വെയറും തയാറാക്കുന്നുണ്ട്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി കാമ്പയിൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണവും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് കോളജ് ഡയറക്ടർ ഫാ. സുനിൽ എം. ആന്റണി കാമ്പയിൻ ലോഗോ പ്രകാശനവും അക്കാദമിക് കോഓഡിനേറ്റർ ഡോ. സദാനന്ദനൻ വള്ളുവ സോഫ്റ്റ് വെയർ പ്രകാശനവും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുബിത തോട്ടാഞ്ചേരി, പി.കെ. ഷറഫുദ്ദീൻ, സീമ ഹരീഷ്, ബ്ലോക്ക് മെംബർമാരായ ടി.പി. മാധവൻ, അശ്വതി, ദേവഗിരി കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ആശ ഉണ്ണികൃഷ്ണൻ, പി.പി. ജാഫർ, എം.എം. പ്രസാദ്, എം. ബിജു എന്നിവർ സംസാരിച്ചു