രാഗം 22ന് തിരി തെളിഞ്ഞു
ചാത്തമംഗലം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരിക കലോത്സവമായ രാഗത്തിന് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ തിരി തെളിഞ്ഞു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എസ്. സതീദേവി ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. എം.എസ്. ശ്യാമസുന്ദര, ഡീൻ സ്റ്റുഡന്റസ് വെൽഫയർ ഡോ. ജി.കെ. രജനികാന്ത്, ഫാക്കൽറ്റി കോഓഡിനേറ്റർ ഡോ. റെജു മാത്യു, അസോസിയേറ്റ് ഡീൻ വെൽഫയർ ഡോ. ഷൈനി അനിൽകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ശനി, ഞായർ തീയതികളിൽ നടക്കുന്ന രാഗത്തിന് ദേശീയ തലത്തിൽനിന്നുവരെ മത്സരാർഥികൾ എത്താറുണ്ട്. സാഹിത്യം, നൃത്തം, സംഗീതം തുടങ്ങി അനവധി മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഉത്സവ മാമാങ്കത്തിന് വേദിയാവുകയാണ് എൻ.ഐ.ടി കാലിക്കറ്റ്. 2020ലെ രാഗത്തിന് ശേഷം പഴയ പകിട്ടോടെയുള്ള തിരിച്ചുവരവാണ് ഇത്തവണത്തെ രാഗത്തിലൂടെ സാധ്യമാക്കാൻ ശ്രമിക്കുന്നത്.
ഗായകരായ മോഹിത് ചൗഹാൻ ജോനിറ്റ ഗാന്ധി, നീരജ് മാധവ് തുടങ്ങിയ പ്രമുഖരും കലാനിശകളിൽ അണിനിരക്കും. ഇതുനുപുറമെ രണ്ടു ദിവസങ്ങളിലായി സാഹിത്യ കല ശിൽപ്ശാലകളും ചർച്ചകളും നടക്കും. ഉദ്ഘാടന വേളയിൽ മികച്ച വിദ്യാർഥിക്കുള്ള കെ.കെ. രാജേഷ് കുമാർ അവാർഡ് നാലാം വർഷ
ബയോ ടെക്നോളജി വിദ്യാർഥി റായ്ദ അൻവറിന് സമർപ്പിച്ചു. രാഗം കൺവീനർ അജയ് വിജയൻ നന്ദി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് www.ragam.co.in സന്ദർശിക്കണം.