Peruvayal News

Peruvayal News

സർക്കാർ വിദ്യാലയത്തിന്റെ മേൽകൂര തകർന്നു വീണ സംഭവം:പുനർ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം

തോട്ടുമുക്കത്ത് സർക്കാർ വിദ്യാലയത്തിന്റെ മേൽകൂര തകർന്നു വീണ സംഭവം; പുനർ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം ഗവ: യു.പി സ്കൂളിൽ തകർന്നു വീണ മേൽക്കൂര പുനർ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് മേൽക്കൂര നിർമ്മിക്കുന്നത്.

ഈ മാർച്ച് 31ന് കെട്ടിടത്തിൻ്റെ ഫിറ്റ്നസ് അവസാനിക്കുന്നത് സ്കൂൾ അധികൃതർ ഗ്രാമപഞ്ചായത്തിൻ്റെ ശ്രദ്ധയിൽ പെടുത്തുകയും ഗ്രാമ പഞ്ചായത്ത് അവസാന പദ്ധതി റിവിഷനിൽ തുക അനുവദിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം കെട്ടിടം തകർന്നതോടെ ഗ്രാമ പഞ്ചായത്തധികൃതർ കരാറുകാരനുമായി ബന്ധപ്പെട്ട് ഉടൻ പ്രവൃത്തി തുടങ്ങാൻ ആവശ്യപെടുകയായിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പ്രവൃത്തിയാരംഭിച്ചത്. 
പ്രവൃത്തി വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസി: ഷംലൂലത്ത്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു, മുൻ വൈസ് പ്രസി: കരീം പഴങ്കൽ, പ്രധാനാധ്യാപകൻ ഗിരീഷ് കുമാർ, എസ് എം സി ചെയർമാൻ വൈ.പി അഷ്റഫ് എന്നിവർ സ്ഥലത്ത് സന്ദർശനം നടത്തി.

ചൊവ്വാഴ്ച രാത്രിയാണ്  തോട്ടുമുക്കം ഗവ. യു.പി സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്ന് വീണത്. പ്രീ പ്രൈമറി ക്ലാസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകർന്ന് വീണത്. സ്കൂൾ അവധി സമയമായതിനാലും വിദ്യാർത്ഥികൾ ഇല്ലാത്തതിനാലും വലിയ ദുരന്തം  ഒഴിവാവുകയായിരുന്നു.

40 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്.
 കെട്ടിടത്തിൻ്റെ മേൽക്കൂര മാത്രമാണ് തകർന്ന് വീണിരിക്കുന്നത്. ചുമരിന് ഉൾപ്പെടെ യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല.
Don't Miss
© all rights reserved and made with by pkv24live