ഖത്തറിലെ വിശേഷങ്ങൾ.....
പള്ളികൾ വിശ്വാസികളുടെ അഭയ കേന്ദ്രങ്ങൾ
ഖത്തറിലെ ഓരോ പ്രദേശത്തും മുസ്‌ലിം ആരാധനാ സ്ഥലങ്ങൾ കാണാം. വളരെ കുറഞ്ഞ പള്ളികളൊഴികെ എല്ലായിടത്തും സ്ത്രീകൾക്കും കൂടി സൗകര്യ പ്രദമാക്കിയിട്ടുണ്ട്. ഖത്തർ സന്ദർശനത്തിന്നായി വന്ന ഞങ്ങൾ താമസിച്ചിരുന്നത് അൽ വക്രയിൽ മെട്രോ റെയിൽ അവസാനിക്കുന്നതിന്റെ അടുത്താണ്. ഇവിടെ അടുത്ത് രണ്ടു പള്ളികളുണ്ട്. തൊട്ടടുത്ത് നമസ്കാരത്തിന് മാത്രമുള്ള പള്ളിയാണ്.
അവിടെ സ്ത്രീകൾക്ക് നമസ്കരിക്കാൻ സൗകര്യമില്ല. ഇത്തിരി മുന്നോട്ടു പോയാൽ അത്യാവശ്യം വലിപ്പത്തിലുള്ള ഒരു പള്ളി കാണാം. അവിടെ വെള്ളിയാഴ്ചകളിലെ പ്രത്യേക പ്രാർത്ഥനയും (ജുമുഅ )സ്ത്രീകൾക്ക് സൗകര്യവുമുണ്ട്. ഇവിടേക്ക് പ്രാർത്ഥനക്ക് പോവാൻ ഭാര്യക്ക് വലിയ ഉത്സാഹമായിരുന്നു. വെയിലിന്റെ കാഠിന്യം കൊണ്ട് മിക്ക സമയങ്ങളിലും ഞാൻ ചെറിയ പള്ളിയിലേക്കാണ് പോവാറുള്ളത്. തലയുയർത്തി നിൽക്കുന്ന ധാരാളം പള്ളികൾ ഖത്തറിലുണ്ട്. ഗ്രാൻഡ് മസ്ജിദ് എന്നറിയപ്പെടുന്ന മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദാണ് ഖത്തറിലെ ഏറ്റവും വലിയ പള്ളി. കോവിഡ് രോഗം രൂക്ഷമായ സമയത്തു ഈ മസ്ജിദ് മാത്രമാണ് തുറന്നിരുന്നത്.40 പേർ വെള്ളിയാഴ്ചകളിൽ ഇവിടെ ജുമുഅ നടത്തിരുന്നു. ധാരാളം പേർക്ക് ഒരേ സമയത്ത് നമസ്കരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. പലരും ഗ്രാന്റ് മസ്ജിദ് ലക്ഷ്യമാക്കി വെള്ളിയാഴ്ച പ്രാർത്ഥനക്ക് പോവാറുണ്ട്. മരുമകൻ അമീർ ഷാജിയുടെ സ്നേഹിതൻ അൻസാർ ഞങ്ങളേയുമായി അവിടേക്ക് പോയിരുന്നു. മകളുടെ മകൾ നസാഫെരിൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഖത്തർ ഐഡി കാണിച്ചപ്പോഴാണ് അവളെ പള്ളിയിലേക്ക് കയറ്റിയത്.ചെറിയ കുട്ടികളെ പല പള്ളികളിലും കയറ്റാറില്ല. അഞ്ചു വയസ്സ് കഴിഞ്ഞവർക്ക് പ്രവേശനമുണ്ട്. കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പിക്കുന്ന ഇഹ്ത്തി റാസ് (EHTERAZ)ആപ്പിലെ പച്ച നിറം മാളുകളിലും പള്ളികളിലും,മറ്റു പ്രധാന സ്ഥലങ്ങളിലും കാണിക്കണം. എല്ലായിടത്തും യൂണിഫോം ധരിച്ച സെക്യൂരിറ്റിക്കാരെ കാണാം. ഇവർ അധികവും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. വിശാലമായ പാർക്കിംഗ് ഏരിയ ഒട്ടുമിക്ക പള്ളികൾക്കുമുണ്ട്. നമസ്കരിക്കാനുള്ള കാർപെറ്റ് വളരെ മൃദൂലമാണ്.
നമസ്കരിക്കാൻ വരുന്നവർക്ക് ഒരു ചെറിയ ബോട്ടിൽ വെള്ളവും ടിഷ്യു പേപ്പറിന്റെ ബോക്സും പള്ളിയുടെ മുമ്പിൽ വെച്ചിട്ടുണ്ട്. മൂന്ന് ജീവനക്കാരെ എല്ലാ പള്ളികളിലും കാണുന്നുണ്ട്. ഒരാൾ നമസ്കാരത്തിന്ന് നേതൃത്വം നൽകാനും രണ്ടാമത്തെയാൾ ബാങ്ക് വിളിക്കാനും മൂന്നാമത്തെയാൾ ശുചീകരണ പ്രവർത്തിക്കുമാണ്. വിശുദ്ധ ഖുർആൻ കൂടുതലായി മനഃപാഠമാക്കിയവരായിരിക്കും ഇമാമുമാർ.
അത്യാവശ്യം ഖുർആൻ മനഃപാഠമാക്കിയവരും സ്വര മാധുര്യമുള്ളവരുമായിരിക്കും ബാങ്ക് വിളിക്കുന്നവർ. നല്ല വൃത്തിയിലാണ് പള്ളികൾ പരിപാലിക്കുന്നത്. അംഗസ്‌നാ നത്തിന്നായി ഒരു ഏരിയ തന്നെയുണ്ട്. ടോയ്‌ലെറ്റും ഉണ്ടായിരിക്കും.
പള്ളികൾ എല്ലാം തന്നെ ഖത്തർ ഗവണ്മെന്റിന്റെ നിയന്ത്രണത്തിലാണ്. ജീവനക്കാർക്ക് വേതനം നൽകുന്നതും സർക്കാരാണ്. ഇമാമിന്നായിരിക്കും കൂടുതൽ ശമ്പളം.ഈ രംഗത്ത് മലയാളികളുമുണ്ട്. ഒറ്റപ്പെട്ട ഒരു പ്രദേശമാണ് സീ ലൈൻ ബീച്ചിന്റെ പരിസരം.അവിടെയുള്ള പള്ളിയിൽ ജോലി ചെയ്യുന്നയാൾ മലപ്പുറത്തുകാരനായ ഒരു അശ്‌റഫിയാണ്. പ്രത്യേകം ഇന്റർവ്യൂ നടത്തിയാണ് ജീവനക്കാരെ നിയമിക്കുന്നത്.
നമസ്കാരത്തിൽ ബിസ്മി പതുക്കെയാണ് ചൊല്ലാറുള്ളത്. നമസ്കാരത്തിന് ശേഷം കൂട്ടു പ്രാർത്ഥനയുമില്ല. നമസ്കാരം നിർവഹിക്കുന്നത് അൽപ്പം സ്പീഡിലാണ്. ബാങ്ക് വിളി കേൾക്കാൻ ഇമ്പമുള്ളതായിരിക്കും.
കോവിഡ് കാലത്ത് ഒട്ടു മിക്ക പള്ളികളും അടച്ചിട്ടതായിരുന്നു. കോവിഡ് കുറഞ്ഞപ്പോൾ ക്രമേണ തുറക്കുകയായിരുന്നു. ചെറിയ തോതിലുള്ള നിയന്ത്രണങ്ങൾ ഇപ്പോഴുമുണ്ട്.
നോമ്പ് കാലത്ത് പള്ളികളെല്ലാം സജീവമാകും. രാത്രി നമസ്കാരത്തിന്നും മറ്റും വിശ്വാസികൾ ഒരുമിച്ചു കൂടും. സ്ത്രീകളുടെ ഭാഗത്ത് നമസ്കാരത്തിന് പോകുന്ന കുട്ടികൾക്ക് അറബി സ്ത്രീകൾ ബിസ്കറ്റും മിട്ടായിയും നൽകാറുണ്ട്. ചില അറബികൾ റിയാലും നൽകും. റംസാനെ വരവേൽക്കാൻ അറബികൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പള്ളികളെ സാംസ്കാരിക കേന്ദ്രങ്ങളായാണ് കാണാറുള്ളത്.