ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നല്‍കി
കോഴിക്കോട് : ജനകീയാസൂത്രണം 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഭിന്നശേഷിക്കാർക്കായുള്ള സഹായ ഉപകരണങ്ങളുടെ വിതരണം ജില്ലാ ആസൂത്രണസമിതി ഹാളിൽ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ 24 പേർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറും 69 പേർക്ക് ശ്രവണസഹായ ഉപകരണവും വിതരണം ചെയ്തു.
സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ നിൽക്കുന്ന പാർശ്വവൽക്കരിക്കപ്പെടുന്ന ഒരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഇത്തരത്തിൽ ഒരു പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കിയതിൽ വളരെ ചാരിതാർത്ഥ്യമുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ വി.പി. ജമീല, കെ.വി. റീന, എൻ.എം. വിമല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കൂടത്താങ്കണ്ടി സുരേഷ് മാസ്റ്റർ, നാസർ എസ്റ്റേറ്റ്മുക്ക്, അഡ്വ. പി. ഗവാസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ. മായ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ യു. അബ്ദുൾ ബാരി തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ നന്ദിയും പറഞ്ഞു.