ഖത്തറിലെ വിശേഷങ്ങൾ:
രുചികരമായ ഭക്ഷണങ്ങൾ.
നല്ല ഭക്ഷണം ആവശ്യത്തിന് കഴിക്കുന്നവരാണ് അറബികൾ. അറേബ്യൻ നാടുകളിൽ ജോലി ചെയ്തിരുന്ന മലയാളികൾ നാട്ടിലെത്തി അവിടെയും അറേബ്യയിലെ ഭക്ഷണം കോപ്പിയടിക്കുകയാണ് ചെയ്തത്. കുഴിമന്തി, കഫ്സ, മജ്ബൂസ്, അൽഫാം, ഖുബ്ബൂസ് തുടങ്ങിയവ അവയിൽ പെട്ടതാണ്.
അറബികൾക്ക് ഏറ്റവും ഇഷ്ടം മട്ടൻ മജ്ബൂസ് ആണ്. ആടിന്റെ ഇറച്ചിയാണ് അറബികൾക്ക് പ്രിയം. എരിവും പുളിയും വളരെ കുറവായിട്ടാണ് ഉപയോഗിക്കുന്നത്. എരിവിന്ന് കുരുമുളക് പൊടിയാണ് ഉപയോഗിക്കുന്നത്. ധാരാളം ആടുകളെയുമായി ആട് വളർത്തൽ കേന്ദ്രങ്ങൾ നമുക്ക് മരുഭൂമിയിൽ കാണാൻ കഴിയും. ബെന്യാമിന്റെ ആട് ജീവിതം എന്ന നോവലിൽ ചിത്രീകരിക്കുന്ന അവസ്ഥയൊന്നും ഇപ്പോഴില്ല എന്നാണ് മനസ്സിലാക്കിയത്.
ഒട്ടകമാണ് അറബികളുടെ പ്രിയപ്പെട്ട ഒരു മൃഗം.മുൻകാലങ്ങളിൽ യാത്ര ചെയ്യാനായിരുന്നു ഒട്ടകത്തെ ഉപയോഗിച്ചിരുന്നത്. ഇതിന്റെ പാലും മാംസവും അറബികൾ ഉപയോഗിക്കാറുണ്ട്.
മുമ്പ് ഉംറക്ക് പോയപ്പോൾ ജിദ്ദയിൽ നിന്നും ചേന്നമംഗല്ലൂരിലെ മക്ബൂൽ എന്നെ ഒട്ടക പാൽ കുടിപ്പിച്ചിരുന്നു. നല്ല പോഷക സമ്പുഷ്ട്ടമാണ് ഒട്ടക പാൽ. അറബികൾ ഒട്ടകത്തെയും ആടിനെയും മുഴുവനായി നിറുത്തി പൊരിക്കാറുണ്ട്.
പോത്തിറച്ചിയാണ് മറ്റൊരു വിഭവം. പോത്തിനെ വളർത്തുന്നത് ഇവിടെ കണ്ടിട്ടില്ല. പോത്തിറച്ചിയോട് അറബികൾക്ക് വലിയ താല്പര്യമില്ല.
ബലദിനാ പാർക്കിൽ ചെന്നപ്പോൾ ധാരാളം പശുക്കളെ കണ്ടു. മറ്റു രാജ്യങ്ങളുടെ ബഹിഷ്കരണത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഇറക്കുമതി ചെയ്തതാണ് ആ പശുക്കളെ എന്ന് അറിയാൻ കഴിഞ്ഞു. പാൽ കറന്നെടുക്കുന്ന രൂപം കണ്ടപ്പോൾ വലിയ അദ്‌ഭുതമായി. ഒരു വലിയ റൗണ്ടിൽ ഓരോ പശുക്കൾക്കും നിൽക്കാൻ സൗകര്യമുണ്ടാക്കിയിരിക്കുന്നു. റൗണ്ടിന്ന് പുറത്ത് ഓരോ പശുക്കളും വരി വരിയായി നിൽക്കും. ഈ റൗണ്ട് കറങ്ങുമ്പോൾ ഒഴിവുള്ള സ്ഥലങ്ങളിലേക്ക് പശുക്കൾ കയറി നിൽക്കും. എന്നിട്ട് ഓരോ പശുവിന്റെയും പാൽ മെഷീൻ ഉപയോഗിച്ച് കറന്നെടുക്കും. നൂറുകണക്കിന് പശുക്കളാണ് ഇവിടെ ചിട്ടയോടെ ക്യു നിൽക്കുന്നത്. ഇരുപത്തി നാലായിരത്തിലധികം പശുക്കളുണ്ടിവിടെ. നമ്മുടെ നാട്ടിലെ മിൽമ പോലെ ഇവിടെ ബലദിനയാണ് പാലുൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണിയിൽ എത്തിക്കുന്നത്. പാൽ പ്രത്യേകം ലാബുകളിൽ പരിശോധിക്കും. പാലും പാലുൽപ്പന്നങ്ങളും അറബികളുടെ ഭക്ഷണത്തിന്റെ ഒരു ഭാഗമാണ്. സ്വയം പര്യാപ്തത നേടിയ ഖത്തറിനെയാണ് ഞങ്ങൾ അവിടെയെല്ലാം ദർശിച്ചത്.
മത്സ്യങ്ങൾ ഖത്തറിലെ കടലിൽ തന്നെ ധാരാളമുണ്ട്. മാർക്കറ്റിൽ പോയാൽ ഫ്രഷ് മീൻ കിട്ടും. ഒരിക്കൽ ഞങ്ങൾ ഒരു കിംഗ് ഫിഷ് എന്ന അയക്കൂറയെ ലേലം ചെയ്ത് വാങ്ങി. നാലിലധികം കിലോ തൂക്കമുള്ള അതിന്ന് നൂറ്റിരുപത് റിയാലാണ് നൽകിയത്. മാർക്കറ്റിൽ നിന്നും വാങ്ങുന്നതിനേക്കാൾ വിലക്കുറവായിരുന്നു. സൂക്കുകളിൽ ഫ്രഷ് മത്സ്യം പൊരിച്ചു കിട്ടും. ഒരു മാസത്തോളം അവിടെ തങ്ങിയ ഞങ്ങൾ മൂന്ന് പ്രാവശ്യം സൂക്കിൽ പോയി മീൻ തിന്നിട്ടുണ്ട്. നല്ല രുചികരമായിരുന്നു മാർക്കറ്റിൽ നിന്നും വാങ്ങുന്ന മീനിന്ന്. മുറിച്ചു വൃത്തിയാക്കാൻ ഒരു കിലോ മത്സ്യത്തിന്ന് ഒരു റിയാൽ കൊടുത്താൽ മതി. വേണമെങ്കിൽ മുള്ളും തൊലിയും ഒഴിവാക്കി കിട്ടും.
ഓരോ രാജ്യക്കാർക്കുമുള്ള ഭക്ഷണം തയ്യാറാക്കുന്ന ഹോട്ടലുകളും ഉണ്ട്. മലയാളി, ഇന്ത്യൻ, അഫ്ഗാനിസ്ഥാനി, ചൈനീസ്, തുർക്കിഷ്, തുടങ്ങിയ നാടുകളിലെ ഭക്ഷണങ്ങൾ വ്യത്യസ്ത ഹോട്ടലുകളിൽ ലഭിക്കും.
മാളിൽ പോയി തിരിച്ചു വരുമ്പോൾ ഞങ്ങൾ ഒരു മലയാളി ഹോട്ടലിൽ കയറി. ഞങ്ങളോടൊപ്പം മരുമകൻ അമീർ ഷാജിയുടെ കൂട്ടുകാരും കുടുംബവും ഉണ്ടായിരുന്നു. മുഹമ്മദും ഭാര്യ സാഫിറയും, റഫ്നാസും ഭാര്യ ഷഹനയും കുട്ടിയും, അൻസാറും ഭാര്യ ശുറൂക്കയും അൻവറും ഭാര്യ മാനിഹയും ഷഹനയുടെ സഹോദരനും, അമീർ ഷാജിയും ജസ്‌നയും മക്കളായ നസഫറിൻ, തമീം ബിൻ അമീർ എന്നിവരുമാണ് ഉണ്ടായിരുന്നത്. കണ്ണൂർകാർ നടത്തുന്ന മലയാളി ഹോട്ടലിൽ നിന്നും ഞങ്ങൾക്ക് നാട്ടിലെ മാന്തൾ മീൻ കൊണ്ടുള്ള വിഭവം വരെ കിട്ടി.
ഞങ്ങൾ വക്രയിലുള്ള ആദാമിന്റെ ചായക്കട എന്ന ഹോട്ടലിൽ കയറി. മുക്കത്ത് നേരത്തെ ഉണ്ടായിരുന്ന മക്കാനി എന്ന കടയെയാണ് ഓർമിച്ചത്. ഹോട്ടലിന്റെ പേര് മലയാളത്തിൽ പലസ്ഥലത്തും എഴുതിയിട്ടുണ്ട്. ചുമരിൽ നിറയെ മലയാളത്തിലുള്ള വചനങ്ങളാണ്. "വിശന്നാൽ നമ്മളെ വിളിച്ചോളി, കഴിച്ചാൽ മറക്കാത്ത ഭക്ഷണം., ഇങ്ങള് പരിപാടി വച്ചോളി ഭക്ഷണം ഞങ്ങൾ തന്നോളും " തുടങ്ങിയ വാചകങ്ങളാണ് അവിടെ എഴുതി വെച്ചത്.
അറബികളുടെ വീടുകളിൽ ഭക്ഷണം പാചകം ചെയ്യാൻ പ്രത്യേകം തൊഴിലാളികളുണ്ട്. സാമ്പത്തിക സ്ഥിതി അനുസരിച്ചു ഒന്നിലധികം പേരുണ്ടാവും. സ്ത്രീകളും പുരുഷന്മാരും അറബി വീടുകളിൽ പാചകക്കാരായി ഉണ്ടാവും. അറബി സ്ത്രീകൾ മേൽനോട്ടം വഹിക്കുക മാത്രമാണ് ചെയ്യാറുള്ളത്. വീട്ടിലെ ഡ്രൈവർമാർക്കുള്ള ഭക്ഷണം മിക്ക വീട്ടിൽ നിന്നും ലഭിക്കും.
അറബി വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ മറ്റുള്ളവർക്ക് നൽകാറുണ്ട്. അടുത്ത ബന്ധുക്കൾക്കാണ് അവർ കാര്യമായും കൊടുത്തയക്കാറുള്ളത്. അങ്ങനെ കൊടുത്തയച്ച വീട്ടിൽ നിന്നും ഭക്ഷണം ഇങ്ങോട്ടും കൊണ്ടു വരും. അയൽവാസികളെ സഹായിക്കും. മിച്ചം വരുന്ന ഭക്ഷണം പേക്ക് ചെയ്ത് മറ്റുള്ളവർക്ക് നൽകാൻ വേണ്ടി ഡ്രൈവർമാർ വശം കൊടുത്തയക്കാറുണ്ട്.
അറബി വീടിനോ ടനുബന്ധിച്ചു പ്രത്യേകം മജ്‌ലിസ് കെട്ടിടങ്ങളുണ്ടാവും. ഇവർ വീട്ടിലേക്ക് മറ്റുള്ളവരെ പ്രവേശിപ്പിക്കാറില്ല. അറബിയുടെ സ്നേഹിതന്മാർക്കും മറ്റും ഒരുമിച്ചു കൂടി സംസാരിക്കാനുള്ള വേദിയാണ് മജ്‌ലിസ്. കഹ്‌വയും കാരക്കയും ഫ്രൂട്സും അവിടെ ഉണ്ടാവും. അധികം ആളുകൾ വന്ന് പാർട്ടി നടത്തുമ്പോൾ മറ്റു ഭക്ഷണ വിഭവങ്ങളുമുണ്ടാവും. മജ്ലിസിലെ കാര്യങ്ങൾ നോക്കാൻ പ്രത്യേകം പണിക്കാരനുണ്ടാവും.
ഒരു മാസക്കാലം ഖത്തറിൽ കഴിഞ്ഞ ഞങ്ങൾക്ക് മകൻ ജസിയും മരുമകൾ അനുവും വൈവിധ്യമാർന്ന ഭക്ഷണങ്ങളാണ് ഒരുക്കി തന്നത്.
അറബികളുടെ ഭക്ഷണ രീതിയെ പറ്റി എനിക്ക് കൂടുതൽ പറഞ്ഞു തന്നത് സഹോദരിയുടെ മകൾ നുബുവിന്റെ ഭർത്താവ് ബച്ചുവാണ്.
ചെറിയ പെരുന്നാൾ ഞങ്ങൾ ഖത്തറിൽ വെച്ചാണ് ആഘോഷിച്ചത്. കുറെയാളുകൾ ഞങ്ങളെ സന്ദർശിക്കാൻ വന്നിരുന്നു. ചെമ്മീൻ ബിരിയാണി ആയിരുന്നു പ്രധാന വിഭവം. നിറഞ്ഞ സംതൃപ്തിയോടെയാണ് ഞങ്ങൾ ഖത്തറിൽ നിന്ന് പോന്നത്. ദൈവത്തിന് സ്തുതി.