നവചേതന പദ്ധതി, സാക്ഷരത സെൻ്റർ പ്രവർത്തനമാരംഭിച്ചു
കൊടിയത്തൂർ :
സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന പട്ടിക ജാതി സാക്ഷരത പരിപാടിയായ
നവചേതന പദ്ധതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിൽ അനുവദിച്ച ഏക സെൻറർ ആണ് കൊടിയത്തൂരിലേത്. ഗ്രാമ പഞ്ചായത്തിലെ മാട്ടുമുറി രാജീവ് ഗാന്ധി നഗറിലാണ്സെൻറർ പ്രവർത്തനമാരംഭിച്ചത്. സെൻ്ററിലേക്ക് ഇൻസ്ട്രക്ടറേയും നിയമിച്ചിട്ടുണ്ട്. ഇവർക്ക് പ്രതിമാസം 3000 രൂപ ഓണറേറിയം ലഭിക്കും.
സെൻ്ററിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവഹിച്ചു. വാർഡ് മെമ്പർ ഷിഹാബ് മാട്ടു മുറി അധ്യക്ഷത വഹിച്ചു. സാക്ഷരത പുസ്തക വിതരണോദ്ഘാടനം
ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷനായ എം.ടി റിയാസ് നിർവഹിച്ചു.
ആയിഷ ചേലപ്പുറത്ത്, ഫാത്തിമ നാസർ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സാക്ഷരത പ്രേരക് സുബിത, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലിസ, ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് കെ.പി സുബ്രമണ്യൻ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ അംഗൻവാടി ടീച്ചേഴ്സ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മൂന്നാം വാർഡിലെ എഴുത്തും വായനയുമറിയാത്ത മുഴുവൻ ആളുകളേയും സാക്ഷരരാക്കുമെന്നും തുടർന്ന് മറ്റ് വാർഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു.