ഖത്തറിലെ മണലും കടലും
വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തെ ചെറിയ രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഖത്തറിന്റെ സ്ഥാനം. എന്നാൽ വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തിൽ മുൻപന്തിയിലുള്ള ഈ കൊച്ചു രാജ്യം വിവിധ രംഗങ്ങളിൽ ഇതിനകം ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
ഖത്തറിന്റെ മൂന്ന് ഭാഗവും കടലാണ്. ഒരു ഭാഗത്തെ അതിർത്തി സൗദി അറേബ്യയുടേതാണ്. കടൽ നികത്തിയെടുത്തു കൃത്രിമമായി നിർമിച്ച ഒരു ദ്വീപ്പാണ് പേൾ ഖത്തർ. വിദേശ രാജ്യക്കാർക്ക് സ്വതന്ത്ര അവകാശം ആദ്യമായി നൽകിയത് ഈ ദ്വീപ്പിലാണ്. പേൾ ഖത്തറിനെ കടൽ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നതിന്ന് കടലിൽ പ്രത്യേക മാലിന്യ കൊട്ടകൾ സ്ഥാപിച്ചിട്ടുണ്ട്.
റീസയ്ക്കിൾ ചെയ്ത വസ്തുക്കൾ കൊണ്ട് നിർമിച്ച ഓരോ കൊട്ടയിലും 20കിലോഗ്രാം വരെ ഉൾക്കൊള്ളാനാകും. ഒഴുകുന്ന മാലിന്യങ്ങൾ ശേഖരിക്കുകയും ജലം അരിച്ചെടുക്കുകയും ചെയ്യും.
ഖത്തറിലെ കടലിൽ ധാരാളം മത്സ്യ സമ്പത്തുണ്ട്. ഇവിടെ വിൽക്കുന്ന ഭൂരിഭാഗം മത്സ്യങ്ങളും ഇവിടെ നിന്ന് തന്നെ പിടിക്കുന്നവയാണ്. ഇതിൽ ചില മീനുകൾ കേരളത്തിൽ കാണാറില്ല. നാട്ടിൽ ഏറ്റവും വില കൂടിയ അയക്കോറ, ആകോലി എന്നിവക്ക് താരതമ്യേന വിലക്കുറവാണ്. മത്സ്യങ്ങളുടെ രാജാവ് (King Fish )എന്നാണ് അയക്കൂറ അറിയപ്പെടുന്നത്.
ഹാമൂർ, ജാഷ്, കോർഫ, ഫസ്‌ക്കർ, സുബൈധി, തുടങ്ങിയ പേരുകളിലാണ് മത്സ്യങ്ങൾ അറിയപ്പെടുന്നത്. ഇവക്ക് നാട്ടിൽ മറ്റു പേരുകളാണ് ഉള്ളത്. വലിയ ചെമ്മീനുകളാണ് ഇവിടത്തെ മാർക്കറ്റിൽ കാണുന്നത്. കടലിൽ നിന്ന് പിടിക്കുന്നവയും പ്രത്യേകം വളർത്തുന്നവയുമുണ്ട്. നാട്ടിൽ സുലഭമായി കാണുന്ന മത്തി, അയില എന്നിവയും ഇവിടെ കിട്ടും. ഞങ്ങൾ മാർക്കറ്റിൽ പോയപ്പോൾ കണ്ട ഏറ്റവും വില കുറഞ്ഞ മത്സ്യം റബീബ് ആണ്. ഏറ്റവും വില കൂടിയത് സാഫിയാണ്. സുൽത്താൻ ഇബ്രാഹിം എന്ന പേരിലും മീനുണ്ട്.
ഞങ്ങൾ ഇന്ന് അൽ വക്ര സൂക്കിൽ രാവിലെ എട്ടു മണിക്ക് പോയപ്പോൾ അവിടെ നടക്കുന്ന മത്സ്യ ലേലം കണ്ടു. പ്രത്യേകം തയ്യാറാക്കിയ പെട്ടികളിൽ മത്സ്യവുമായി മീൻ പിടുത്തക്കാർ എത്തും. ആ പെട്ടിയിൽ നിന്നും ഒരു ഷീറ്റിൽ അതിലുള്ള മത്സ്യങ്ങൾ ചെരിയും. ലേലം വിളിച്ചു വിലയുറപ്പിക്കുന്നു. ഇത്തരം നൂറു കണക്കിന് ബോക്സ്കളാണ് ഉണ്ടാവുക. ഇവരിൽ നിന്നും മീൻ വാങ്ങിയാൽ വിലക്കുറവുണ്ടാകും. മാർക്കറ്റിലുള്ള കച്ചവടക്കാർ ദോഹയിൽ നിന്നും മത്സ്യം കൊണ്ട് വരും. അതിന്നു പുറമെ മാർക്കറ്റിൽ നിന്നും ലേലം ചെയ്തെടുക്കും. വമ്പൻ അയക്കൂറകൾ ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞു. അറബികളും അവരുടെ ഡ്രൈവർമാരും അവിടെ വന്ന് മീൻ വാങ്ങുന്നുണ്ട്. മത്സ്യ ലേലം നടക്കുന്നിടത്ത് ഒരു വൈറ്റിനറി ഡോക്ടർ ഉണ്ടായിരുന്നു.മത്സ്യങ്ങളുടെ ഗുണ നിലവാരം പരിശോധിക്കുകയാണ് അദ്ദേഹത്തിന്റെ ജോലി. ഫോട്ടോ എടുക്കാൻ ഒരുങ്ങിയപ്പോൾ സെക്യൂരിറ്റി സമ്മതിച്ചില്ല. ഒരു റിയാൽ വീതം ഒരു കിലോക്ക് കൊടുത്താൽ മീൻ മുറിച്ചു വൃത്തിയാക്കി തരും. വേണമെങ്കിൽ മുള്ളും തൊലിയും നീക്കി തരും. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം മലയാളികളെ കണ്ടിരുന്നു.
അൽ വക്രയിൽ നിന്ന് മസ്ഈദിലൂടെ സഞ്ചരിച്ചാൽ സീലൈൻ ബീച്ചിലേക്കും ഗോൾഡൻ ബീച്ചിലേക്കും എത്താം.ഞങ്ങൾ സീലൈൻ ബീച്ച്ലേക്ക് പോയി. പ്രകൃതി രമണീയമായ കാഴ്ചയാണ് അവിടെ കണ്ടത്. മരുഭൂമിയും കടലും തോളോട് തോൾ ചേർന്ന് നിൽക്കുന്നു. കുറച്ചങ്ങോട്ട് ചെന്നാൽ സൗദി അറേബ്യയാണ്. പോലീസ് വാഹനങ്ങൾ റോന്ത് ചുറ്റുന്നുണ്ട്. ഒരു വണ്ടി മണലിൽ താഴ്ന്നു കുടുങ്ങിയപ്പോൾ പോലീസുകാരൻ വന്ന് അത് കയറ്റി കൊടുത്തു.കടൽ കുറെ ദൂരം വരെ ആഴം കുറവാണ്. അതിനാൽ തന്നെ കടലിൽ കുളിക്കുന്നവർ ധാരാളമുണ്ട്. ചില ബീച്ചുകളിൽ കുടുംബമായി വരുന്നവർക്ക് മാത്രമേ പ്രവേശനമുള്ളൂ. ഇതിനു പുറമെ വേറെയും ബീച്ചുകളുണ്ട്. അൽ വക്ര ബീച്ച് അതിൽ പെട്ടതാണ്.
ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലുള്ള കോർണിഷ് കടൽ തീരം അത്യാകർശണമാണ്. അവിടെയുള്ള കടൽ തീര പാർക്കുകളിൽ ചെന്നിരുന്നാൽ മാനസികൊല്ലാസം നന്നായി ലഭിക്കും.
മരുഭൂമി കാണൽ നല്ലൊരു അനുഭൂതിയാണ്. പരന്നു കിടക്കുന്ന മണൽ തിട്ടകളും മറ്റും അത്യാകർശണമാണ്. കാറ്റുകളാണ് മരുഭൂമിയുടെ രൂപത്തിൽ മാറ്റം വരുത്തുന്നത്. വളരെ ചെറിയ മണൽ തരികളായിരിക്കും ഉപരിതല മരുഭൂമിയിൽ ഉണ്ടാവുക. ഇടക്ക് പൊടി കാറ്റുണ്ടാവും. അപ്പോൾ ചില മുൻകരുതലുകൾ ഒക്കെ എടുക്കണം. മരുഭൂമിയിൽ നിന്നും ബിൽഡിങ് നിർമാണത്തിന്നുള്ള മണൽ എടുക്കുന്നുണ്ട്.
സീലൈൻ ബീച്ചിലെ മണലിലൂടെ ഞങ്ങൾ നടന്നു. വൈകുന്നേരം ആവാത്തതിനാൽ അത്യാവശ്യം ചൂടുണ്ടായിരുന്നു. മണൽ തിട്ടയിലൂടെ മുകളിലേക്ക് കുറെ കയറി. തിരിച്ചിറങ്ങിയത് കിഴിഞ്ഞായിരുന്നു. നല്ലൊരു അനുഭവമായിരുന്നു മരുഭൂമി യാത്ര. മരുഭൂമിയിൽ വാഹനമോടിക്കുന്നവർ ഉണ്ട്. ഇടക്ക് അപകട മരണങ്ങൾ ഉണ്ടാവാറുണ്ട്. പോലീസ് വാഹനം എത്ര ഉയരത്തിലും കയറിപ്പോകും.
അറബികളുടെ ജീവിതം മരുഭൂമിയും കടലും ബന്ധിച്ചതാണ്. മിക്ക വീട്ടിലും ലാൻഡ് ക്രൂയിസർ വണ്ടിയുണ്ട്. അതിന്റെ പിന്നിൽ വെള്ളത്തിൽ സഞ്ചരിക്കാൻ ബോട്ട് വലിച്ചു കൊണ്ട് പോകും. ബോക്സ് പാർക്കിൽ ഞങ്ങൾ ഇത്തരം ധാരാളം ബോട്ടുകൾ കണ്ടു. മണലാരണ്യത്തിൽ സുഖവാസം നടത്താനുള്ള പ്രത്യേകം കണ്ടയിനറുകളുണ്ട്. ശീതീകരിച്ച ബാത്ത് അറ്റാച്ഡ് ബെഡ് റൂമാണ് ഈ കണ്ടയിനറിൽ സംവിധാനിച്ചിരിക്കുന്നത്. ഇത്തരം കൊച്ചു വീടുകൾ സീലൈൻ ബീച്ചിൽ ഞങ്ങൾ ധാരാളം കണ്ടു. മാനസികോല്ലാസത്തിന്ന് ഖത്തർ ഗവണ്മെന്റ് ഒരുക്കിയ ധാരാളം സംവിധാനങ്ങൾ ഇവിടെയുണ്ട്.