കുന്നമംഗലം മണ്ഡലത്തിലെ കെ.ഡബ്ല്യു.എ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനം
കുന്നമംഗലം നിയോജക മണ്ഡലത്തിൽ കേരള വാട്ടർ അതോറിറ്റി നേതൃത്വത്തിൽ നടന്നുവരുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തീരുമാനമായി. പി.ടി.എ റഹീം എം.എൽ.എ വിളിച്ചുചേർത്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും
കെ.ഡബ്ല്യു.എ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്.
പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി പൊളിച്ചിട്ട റോഡുകൾ മെയ് 31നകം ടാർ ചെയ്തു ഗതാഗതയോഗ്യമാക്കും. ജലജീവൻ പദ്ധതിയുടെ ഭാഗമായി ആറ് പഞ്ചായത്തുകളിലായി നടന്നുവരുന്ന പ്രവൃത്തികളിൽ ഉൾപ്പെടുത്തി പരമാവധി കണക്ഷനുകൾ വേഗത്തിൽ നൽകുന്നതിനും ബൂസ്റ്റർ സംവിധാനം ഏർപ്പെടുത്തി എല്ലാ മേഖലകളിലും വെള്ളമെത്തിക്കുന്നതിനും സംവിധാനമേർപ്പെടുത്താൻ എം.എൽ.എ നിർദ്ദേശിച്ചു.
കോർപ്പസ് ഫണ്ടിൽനിന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും ഭരണാനുമതി ലഭിച്ച് വാട്ടർ അതോറിറ്റിയിൽ ഡെപ്പോസിറ്റ് ചെയ്ത തുകയിൽ നിന്ന് പൊതുമരാമത്ത് വകുപ്പിന് അടക്കേണ്ട പണം ലഭ്യമാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാനും കൂളിമാട് പി.എച്ച്.ഇ.ഡി ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെ സ്ഥലത്ത് പി.ഡബ്ല്യു.ഡി റോഡ് വീതി കൂട്ടുന്നതിന് കോമ്പൗണ്ട് വാൾ പുതുക്കി പണിയുന്നത് സംബന്ധിച്ച പി.ഡബ്ല്യു.ഡി കത്ത് പരിഗണിച്ച് നടപടികൾ വേഗത്തിലാക്കാനും എം.എൽ.എ നിർദേശം നൽകി.
വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകൾ പൊട്ടി വെള്ളം പാഴാകുന്നത്ത് ഒഴിവാക്കാൻ സമയബന്ധിതമായി മെയിൻ്റനൻസ് പ്രവൃത്തികൾ നടത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന് തീരുമാനിച്ചു.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഓളിക്കൽ ഗഫൂർ, പുലപ്പാടി ഉമ്മർ, ഷാജി പുത്തലത്ത്, വി അനിൽകുമാർ, എൻ ജയപ്രശാന്ത്, പി.കെ ശറഫുദ്ദീൻ, കെ.ഡബ്ല്യു.എ പ്രോജക്ട് ഡിവിഷൻ എക്സി. എഞ്ചിനീയർ എം ലക്ഷ്മി, പി.എച്ച് ഡിവിഷൻ എക്സി. എഞ്ചിനീയർ പി വിജിൽ, അസി. എക്സി. എഞ്ചിനീയർമാരായ എ.എം ഗിരീഷ്കുമാർ, കെ നാരായണൻ, അസി. എഞ്ചിനീയർമാരായ യു.കെ സത്യൻ, കെ.ടി ബിനോജ്കുമാർ, പി മുനീർ അഹമ്മദ് സംസാരിച്ചു.