ഡിജിറ്റൽ ലോകത്തിന്റെ പൊലിമകളിൽ ജീവിക്കുന്ന മനുഷ്യൻ ചെന്നുപെട്ട ഒരു ജീവിതശൈലീ രോഗത്തെക്കുറിച്ച് കുറേ കഥാപാത്രങ്ങളിലൂടെ മുന്നറിയിപ്പ് നൽകുന്ന നാടകമാണ്" ഹലോ, ഹലോ, ഹലാക്കിന്റെ ഔലുകഞ്ഞി".
ഒരു ഹാസ്യ ചിത്രീകരണം എന്നതിലുപരി നാടകം കളിക്കുന്നവർക്കും കാണുന്നവർക്കും നേരെ തന്നെ ചൂണ്ടി ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നതാണ് നാടകം.
മൊബൈൽ ഫോൺ ദുരുപയോഗം ഒരു തലമുറയെ എത്രകണ്ട് തലതിരിഞ്ഞതാക്കുമെന്ന് ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ ഡോക്ടർ, നഴ്സ്, അറ്റന്റർ, രോഗികൾ, കൂട്ടിരിപ്പുകാർ , എന്നിവർ ചേർന്ന് പറയുന്നതാണ് കഥ. 'അറയ്ക്കൽ ആശുപത്രി' എന്നത് 'അറക്കൽ ആശുപത്രി' ആയി അക്ഷര തെറ്റിൽ കാണുന്നത് നാടകത്തെ അർത്ഥവത്താക്കുന്നു. നാടൻ ശീലിൽ കേൾക്കുന്ന "തോണ്ടിക്കോള്യോ ..., മാന്തിക്കോള്യോ ...., കുത്തിക്കോള്യോ ....., മുട്ടിക്കോള്യോ ---.." എന്ന പാട്ടിന്റെ കൂടെ താളം ചവിട്ടുന്ന കഥാപാത്രങ്ങൾ എല്ലാം നാടകാവതരണത്തിൽ ഉടനീളം ശരീര ഭാഗം പോലെ ഫോൺ ഉപയോഗിച്ച് കഥ പറയുന്നു. രോഗിയുടെ ഒടിഞ്ഞ കാലിനു പകരം ബൈസ്റ്റാന്ററുടെ കാലിൽ പ്ലാസ്റ്റർ ഇടുന്നതോടെ നാടകം മുഹൂർത്തത്തിലെത്തുന്നു. അക്കങ്ങളിൽ ജീവിതം അർത്ഥമില്ലാതാകുമെന്നും ദൂരം അരികിൽ ആകുമ്പോൾ തന്നെ ദുരിതങ്ങളും കൂടുമെന്നും മൊബൈൽ ദൂരുപയോഗത്തിന്റെ വിവിധ തലങ്ങൾ കാണിച്ച്" ഹലാക്കിന്റെ ഔലും കഞ്ഞി' പറയുന്നു.
അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നന്മ റസിസൻസ് അസോസിയേഷൻ, കച്ചേരിക്കുന്ന് മാവൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നാടകത്തിന്റെ ഉൽഘാടനം നടത്തി. നാടകം വരും ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ അവതരിപ്പിക്കും. മാവൂർ വിജയൻ നാടകത്തിന്റെ രചനയും സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. സുബ്രമണ്ണ്യൻ. കെ , വേലായുധൻ. പി.ടി. റഹീം.കെ.പി., ഗോപിനാഥൻ.എൻ, ജ്യൂഡി പാക്സി, ഗീതാമണി , റജി.എസ്സ്. എന്നിവർ അഭിനയിക്കുന്നു. ഷിബിൻ ലാൽ പിന്നണിയിൽ പ്രവർത്തിക്കുന്നു. ജീവിത്തിൽ ജനപ്രതിനിധിയും , നഴ്സും , ഓട്ടോ ഡ്രൈവറും, തൊഴിലാളിയും, വീട്ടമ്മയും ഒക്കെ ആയവർ ശ്രദ്ധയോടെ പരിശീലനം നേടി ഒരു സാമൂഹ്യ വിപത്തിനെതിരെ ്് സർഗ്ഗാത്‌മകമായി പ്രതികരിക്കുന്നു എന്ന പ്രത്യേകതയും ഈ നാടകം അവകാശപ്പെടുന്നു.