Peruvayal News

Peruvayal News

തൊണ്ടിയേരി കളരിക്കൽതാഴം റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

തൊണ്ടിയേരി കളരിക്കൽതാഴം റോഡ് 
പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു 

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 88 ലക്ഷം രൂപ ചെലവിൽ പ്രവൃത്തി പൂർത്തീകരിച്ച തൊണ്ടിയേരി കളരിക്കൽതാഴം റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. 

ചെറൂപ്പയിൽ നിന്ന് കുറ്റിക്കടവ് ഭാഗത്തേക്കുള്ള എളുപ്പമാർഗ്ഗമായ ഈ റോഡ് ഇപ്പോൾ പ്രവൃത്തി നടന്നുവരുന്ന ചെട്ടിക്കടവ് പാലത്തിലേക്കാണ് എത്തിച്ചേരുന്നത്. പാലം പ്രവൃത്തി പൂർത്തിയാവുന്നതോടെ വെള്ളന്നൂർ, വിരുപ്പിൽ ഭാഗങ്ങളിലേക്കുള്ള പാതയായി ഇത് പ്രയോജനപ്പെടുത്താൻ സാധിക്കും. 

1.5 കിലോ മീറ്റർ നീളത്തിൽ ഇരുവശങ്ങളും കെട്ടിപ്പൊക്കി ടാറിങ് നടത്തുകയും സൈഡ് കോൺക്രീറ്റ് ചെയ്യുകയും ചെയ്ത ഈ റോഡിനാണ് കുന്നമംഗലം മണ്ഡലത്തിൽ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും ഏറ്റവും കൂടുതൽ തുക അനുവദിച്ചിരുന്നത്. 

മാവൂർ ഗ്രാമപഞ്ചായത്തിൽ വെള്ളപ്പൊക്കം മൂലം ഏറെ പ്രയാസമനുഭവിച്ചിരുന്ന തൊണ്ടിയേരി, കളരിക്കൽതാഴം പ്രദേശങ്ങളിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഈ റോഡിൻ്റെ പരിഷ്കരണത്തിലൂടെ സഫലമാകുന്നത്. 

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജിത സത്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർ പി മിനി, എൻ ബാലചന്ദ്രൻ, എം ധർമ്മജൻ, പി ശങ്കരനാരായണൻ, ചിറ്റടി മോഹൻദാസ്, ടി.പി ഉമ്മർ സംസാരിച്ചു. ടി.പി സുനീഷ് സ്വാഗതവും പി.ടി ജയരാജൻ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live