മുക്കം സ്വദേശി സുഹാനക്ക് അഭിനന്ദനങ്ങൾ നേർന്ന് രാഹുൽ ഗാന്ധി
മുക്കം:
കേന്ദ്ര സർക്കാർ യുവകലാപ്രതിഭകൾക്ക് നൽകുന്ന സ്കോളർഷിപ്പ് കരസ്ഥമാക്കിയ മുക്കം സ്വദേശി സുഹാന സലീമിന് രാഹുൽ ഗാന്ധിയുടെ അഭിനന്ദന കത്ത്. "വ്യത്യസ്‌ത സാംസ്‌കാരിക മേഖലകളിലെ യുവകലാകാരന്മാർക്കുള്ള സ്‌കോളർഷിപ്പിന്" തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന കത്തിൽ സുഹാനയുടെ കലയോടുള്ള സമർപ്പണത്തിനും കഴിവിനും കിട്ടിയ അംഗീകാരമാണ് ഇതെന്നും മുക്കത്ത് നിന്നുള്ള യുവപ്രതിഭകൾ സാംസ്കാരിക മേഖലയിൽ നേട്ടങ്ങൾ ഉണ്ടാക്കുന്നത് അഭിമാനകരമാണെന്നും രാഹുൽ ഗാന്ധി കത്തിൽ പറയുന്നു
പ്രദേശങ്ങൾക്കും മതത്തിനും ജാതിക്കും വർഗത്തിനും അതീതമായ കലാകാരന്മാരാൽ നമ്മുടെ സാംസ്കാരിക പൈതൃകം സമ്പന്നമാണെന്ന് ഭരതനാട്യത്തിലെ നിങ്ങളുടെ മികവ് അടയാളപ്പെടുത്തുന്നുവെന്നും, കല ആളുകളുടെ ഹൃദയങ്ങൾക്കും മനസ്സുകൾക്കുമിടയിൽ പാലമുണ്ടാക്കുകയും പങ്കുവെക്കപ്പെടുന്ന പൈതൃകം പരിപോഷിപ്പിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നുവെന്നും രാഹുൽ ഗാന്ധി കത്തിൽ പറയുന്നു.
ക്ലാസിക്കൽ കലകളിൽ സ്വന്തം കുടുംബത്തിന്റെ അഭിമാനകരമായ പാരമ്പര്യം സുഹാന പിന്തുടരുന്നതിൽ സന്തോഷം അറിയിച്ചു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.
ഭരതനാട്യത്തിൽ മിനിസ്ട്രി ഓഫ് കൾച്ചറിന്റെ നാഷണൽ സെന്റർ ഫോർ കൾച്ചറൽ റിസോഴ്‌സ് ആന്റ് ട്രെയിനിങ് നൽകുന്ന യെങ് ആർട്ടിസ്റ്റുകൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പാണ് മുക്കം സ്വദേശിയായ സുഹാന സലീമിന് ലഭിച്ചത്. മുക്കത്തു വെച്ച് നടന്ന ചടങ്ങിൽ ഡി. സി. സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ രാഹുൽ ഗാന്ധി എം.പി യുടെ അഭിനന്ദന കത്ത് സുഹനക്ക് കൈമാറി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, അഹമ്മദ് കുട്ടി ഹാജി, ബാബു പൈക്കാട്ടിൽ, സി.കെ കാസിം, സി.ജെ ആന്റണി, കെ.ടി മൻസൂർ, എം.ടി അഷ്‌റഫ്, പി.സി മാത്യു, കെ.വി അബ്ദുറഹിമാൻ, ദാവൂദ് മുത്താലം, ബി.പി റഷീദ് എന്നിവർ പങ്കെടുത്തു.