മാവൂരിൽ തെരുവ് നായ ശല്യം അതി രൂക്ഷം.
മാവൂർ:
മാവൂരിലും പരിസര പ്രദേശങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാവുന്നു.
മാവൂർ അങ്ങാടിയുടെ ഒരു ഭാഗം ഗ്രാസിമിന്റെ സ്ഥലം കാട് പിടിച്ച് കിടക്കുന്നതിനാൽ പല സ്ഥലങ്ങളിൽ നിന്നുമുള്ളവർ അറവുമാലിന്യങ്ങൾ അടക്കം ഇവിടെ ഉപേക്ഷിക്കുന്നതിനാൽ തെരുവ് നായ്ക്കൾ ഈ ഭാഗത്ത് വളരെ കൂടുതലാണ്. മാവൂർ ബസ് സ്റ്റാന്റ്, അങ്ങാടി , മീൻ മാർക്കറ്റ് എന്നിവിടങ്ങളിൽ ഇവറ്റകളുടെ ശല്യം വളരെ രൂക്ഷമാണ്. കൂളിമാട് ഭാഗത്ത് നിന്ന് വരുന്ന ഇരുചക്ര വാഹനങ്ങൾ മീൻ മാർക്കറ്റിന് സമീപം നായകൾ കുറുകെ ചാടുന്നത് കാരണം അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ്. വാഹനങ്ങൾക്കും ആളുകൾക്കും പുറകെ കുരച്ച് ഓടലും ഇരുചക്ര വാഹനങ്ങളിൽ വെക്കുന്ന പാഴ്സലുകൾ കടിച്ചെടുക്കുകയടക്കം വലിയ ശല്യമാണ് ഇവ ഉണ്ടാക്കുന്നത്. സ്റ്റാന്റിൽ ബസ്സ് കാത്ത് നിൽക്കാൻ പോലും കഴിയാത്ത വിധം ഇവിടം നായകളുടെ വിഹാരകേന്ദ്രമാണ്. ഈ ഭാഗങ്ങളിൽ നടക്കുന്ന പൊതുപരിപാടികൾ നായകളുടെ കുര കാരണം പലപ്പോഴും അലങ്കോലമായിട്ടുണ്ട്.
പഞ്ചായത്ത് ഓഫീസിലേക്കും, ബസ്സ് കയറാനും വരുന്നവർക്ക് നേരെയും ഇവറ്റകളുടെ പരാക്രമമാണ്. പന്നി ശല്യം കാരണം കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യവും ഇവിടെ വലിയ രീതിയിൽ അനുഭവിക്കുന്നുണ്ട്. പെരുംപാമ്പടക്കമുള്ള ജീവികളും ഈ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ ധാരളമായി ഉണ്ടാവാറുണ്ട്.
ഗ്രാസിമിന്റെ കെട്ടിടങ്ങളിലും കാട് പിടിച്ച് കിടക്കുന്ന സ്ഥലങ്ങളിലുമാണ് നായകളും പന്നികളും പാമ്പുകളും പെറ്റ് പെരുകുന്നത്. തെരുവ് നായ ശല്യത്തിനെതിരെ അധികൃതരോട് പരാതി പറഞ്ഞിട്ടും ഒരു പരിഹാരവുമുണ്ടായില്ലെന്നും ഇവയെ പിടിക്കാൻ ഉള്ള നിയമപ്രശ്നം പറഞ്ഞ് ഒഴിയുകയാണെന്നും നാട്ടുകാർ പറയുന്നു.