Peruvayal News

Peruvayal News

എളമരത്ത് സുരക്ഷ സംവിധാനം ആവശ്യം ശക്തമാകുന്നു: ഇന്നലെ നടന്നത് 3 അപകടങ്ങൾ.

എളമരത്ത് സുരക്ഷ സംവിധാനം ആവശ്യം ശക്തമാകുന്നു: 
ഇന്നലെ നടന്നത് 3 അപകടങ്ങൾ.


മാവൂർ:  കഴിഞ്ഞ ദിവസം ഉദ്ഘാടനം നടന്ന എളമരത്ത്  ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി സജ്ജീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പാലം ഉദ്ഘാടനത്തിൻ്റെ  പിറ്റേദിവസം
തന്നെ എളമരത്ത്  അപകട പരമ്പരകൾ തന്നെ അരങ്ങേറി .
 ഇന്നലെ രാവിലെ  6.30 നും 7 നും  ഇടയിൽ മൂന്ന് അപകടങ്ങളാണ് പാലത്തിൻ്റെ
 മാവൂർ ഭാഗത്തെ ജംഗ്ഷനിൽ
സംഭവിച്ചത്. കാറും സ്കൂട്ടറും, ടിപ്പറും ഓട്ടോയും , കാറും  ഓട്ടോയും തമ്മിലാണ് ഇടിച്ച് അപകടങ്ങൾ ഉണ്ടായത്.
പാലം തുറക്കുന്നതോടെ തിരക്ക് വർധിക്കുമെന്നും സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്നും  ആവശ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും നടപ്പിലാക്കിയിട്ടില്ല.

വാഹനങ്ങൾ ഓടി തുടങ്ങുമ്പോൾ
ആവശ്യമാകുന്ന ക്രമീകരണങ്ങൾ വരുത്താം എന്ന നിലപാടിലാണ് അധികൃതർ.

അപകടങ്ങൾ സംഭവിച്ച് ഉടനെ മാവൂർ എസ് ഐ രേഷ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഭവസ്ഥലത്ത് എത്തുകയും   തുടർന്നുള്ള അപകടങ്ങൾ ഒഴിവാക്കാൻ പാലം റോഡ് ടാറിങ്ങിന് ഉപയോഗിച്ച   ഒഴിഞ്ഞ ടാർ വീപ്പകൾ വെച്ച് താൽക്കാലിക ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

 രാവിലെ മൂടൽമഞ്ഞുള്ള കാലാവസ്ഥ കൂടി ആയതിനാൽ  അപകട സാധ്യതകൾ കൂടുതലാണ്.
 ആറ് ദിശകളിലേക്ക് പോകേണ്ട വാഹനങ്ങളാണ് ഒരേ സമയം പാലം അനുബന്ധ റോഡിൽ നേർക്കുനേരെയെത്തുക. തിരക്ക് പിടിച്ച കുളിമാട് - മാവൂർ റോഡിലെ കയറ്റത്തിലേക്കാണ് പാലം വന്നുചേരുന്നത്. റോഡ് വീതി കൂടിയെങ്കിലും ഡിവൈഡറോ ഹമ്പുകളോ സ്പീഡ് ബ്രേക്കുകളോ റൗണ്ട് എബൗട്ടുകളോ ട്രാഫിക്ക് സിഗ്നലുകളോ സ്ഥാപിക്കാത്തതാണ് വൻ അപകടത്തിന് സാധ്യതയായി  യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. മലപ്പുറം ജില്ലയിൽ നിന്ന് പാലം കടന്ന് മാവൂർ, കൂളിമാട് ഭാഗങ്ങളിലേക്ക് തിരിയുന്ന വാഹനങ്ങളും മാവൂർ ഭാഗത്ത് നിന്ന് പാലത്തിലേക്കും കൂളിമാട് ഭാഗത്തേക്കും 
പോകേണ്ടവയും  കൂളിമാട്  ഭാഗത്ത്നിന്ന് പാലത്തിലേക്കും മാവൂർ ഭാഗത്തേക്കുമുള്ള വണ്ടികളും ഒന്നിച്ചെത്തുമ്പോൾ ഗതാഗതക്കുരുക്കും അപകട സാധ്യതയും ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മെഡിക്കൽ കോളേജിലേക്കും മറ്റും നിലമ്പൂർ , അരീക്കോട് ഭാഗങ്ങളിൽനിന്നുള്ള ആംബുലൻസുകൾ ചീറിപ്പായുന്ന ഈ റൂട്ടിൽ ഇനിയും അപകടങ്ങൾ വർധിക്കുന്ന വരെ കാത്തിരിക്കരുത് എന്നാണ് ആവശ്യം.
Don't Miss
© all rights reserved and made with by pkv24live