ഖത്തറിലെ വിശേഷങ്ങൾ:
മരുഭൂമിയിലെ മണവാട്ടി...
സൗദി അറേബ്യയിൽ പോയപ്പോൾ കണ്ട അത്ര ഈത്തപ്പന തോട്ടങ്ങൾ ഖത്തറിൽ കണ്ടിട്ടില്ല. ഓരോ അറബി വീടിന്റെ പരിസരത്തും റോഡ് സൈഡിലും, പാർക്കുകളിലും ഈത്തപ്പനകൾ കണ്ടു.
ഞങ്ങൾ ഖത്തറിൽ എത്തിയപ്പോൾ ഈത്തപ്പനകൾ കുലച്ചിട്ടേ ഉള്ളൂ. ഒരു മാസത്തോളം ഖത്തറിൽ കഴിച്ചുകൂട്ടി തിരിച്ചു പോരാനായപ്പോൾ കായകൾ കുറച്ചൊക്കെ വലിപ്പം വെച്ചിട്ടുണ്ട്.
മരുപ്പച്ചയിലെ രാജകുമാരൻ, നാഗരികതയുടെ വളർത്തുപുത്രി, മണലാരണ്യത്തിലെ മണവാട്ടി, ജീവിത വൃക്ഷം, ഉത്തമ വൃക്ഷം, പരിപാവന വൃക്ഷം, പറുദീസയിലെ മരം, ദൈവ ദാനം, വന ചെയ്തന്യം, സ്വർഗ്ഗ വൃക്ഷം, എന്നിങ്ങനെ അറബിയിൽ നിരവധി വിശേഷണങ്ങളുള്ള വൃക്ഷമാണ് ഈത്തപ്പന.
ഭൂമിയിലെ പഴക്കം ചെന്ന വൃക്ഷങ്ങളി ലൊന്നാണ് ഈത്തപ്പന. പുരാതന അവശിഷ്ടങ്ങളിൽ നിന്ന് ഈത്തപ്പനയോലകൾ ലഭ്യമായിട്ടുണ്ട്. ആദം നബിയുടെ കാലം തൊട്ടുണ്ടെന്ന് കരുതപ്പെടുന്നു.
ഈത്തപ്പന കൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന നാട് ഇറാക്കാണ്. അവിടെ നിന്ന് ധാരാളം ഈത്തപ്പഴം കയറ്റുമതി ചെയ്യുന്നു. അമേരിക്കയിലെ അരിസോണയിലും കാലിഫോർണിയയിലുംഈത്തപ്പനയുണ്ട്. ഏക്കർ കണക്കിന് വരുന്ന കൃഷിയിടങ്ങളിൽ വാ ണിജ്യാടിസ്ഥാനത്തിൽ ഈത്തപ്പന കൃഷി ചെയ്യുന്നു.
അറബ് നാടുകളിൽ പാതയോരങ്ങളിൽ കൃഷി ചെയ്യുന്ന ഈത്തപ്പന ധാരാളം ഈത്തപ്പഴം തരുന്നതിനോടൊപ്പം നയന മനോഹരമായ ഒരു കാഴ്ച കൂടിയാണ്.
ഈത്തപ്പന തൈ വളർന്നു 10മുതൽ 24മീറ്റർ വരെ ഉയരം വെക്കുന്നു. അഞ്ചു വർഷമാവുമ്പോഴേക്ക് കായ്ച്ചു തുടങ്ങുന്നു.
ഞങ്ങൾ ഏപ്രിൽ 21ന്നാണ് ഖത്തറിൽ എത്തിയത്. അപ്പോൾ മിക്ക ഈത്തപ്പനയും കുലച്ചിട്ടുണ്ട്. തിരിച്ചു പോരുമ്പോൾ കായകൾ കുറച്ചു വലുതായിട്ടുണ്ട്. ചൂട് കൂടുമ്പോഴാണ് ഈത്തപ്പഴങ്ങൾ പഴുക്കുക. ഈത്തപ്പഴങ്ങൾ കുലകളായാണ് കാണപ്പെടുന്നത്. ഒരു കുലക്ക് അഞ്ചു മുതൽ പത്തു കിലോ വരെ ഭാരം വരാം. പനയുടെ ഇനമനുസരിച്ച് മഞ്ഞ, ഓറഞ്ച്, കടും ചുവപ്പ് തുടങ്ങിയ വർണങ്ങളിലാണ് ഈത്തപ്പഴങ്ങൾ കാണപ്പെടുന്നത്. ഭാരമേറിയ പഴക്കുലകളും വഹിച്ചു നിൽക്കുന്ന ഈത്തപ്പനങ്ങൾ മനോഹരമായ ഒരു കാഴ്ചയാണ്.
പഴങ്ങളിൽ ജലത്തിന്റെ അംശം കുറവാണ്. അതിനാൽ ഈത്തപ്പഴങ്ങൾ ഉണങ്ങിയാലും പഴുത്ത പഴത്തോളം തന്നെ വലിപ്പം ഉണ്ടായിരിക്കും.
ഈത്തപ്പനയുടെ വേര് മുതൽ തല വരെ എല്ലാ ഭാഗങ്ങളും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപയോഗ പ്രദമാണ്. അറബി നാട്ടിലെ കല്പവൃക്ഷം എന്ന പേരിന്ന് ഈത്തപ്പന എന്തുകൊണ്ടും അർഹമാണ്. ഈത്തപ്പനയുടെ തടി ഗൃഹ നിർമ്മാണത്തിന്നും മറ്റും ഉപയോഗിക്കുന്നു. ഓല കൊണ്ട് കുട്ട, വട്ടി, തൊപ്പി, ചൂൽ തുടങ്ങിയവ ഉണ്ടാക്കുന്നു. ഈത്തപ്പഴകുരു കാലിതീറ്റയായും ഇന്ധനമായും പാചക എണ്ണയുണ്ടാക്കാനും ഉപയോഗിക്കുന്നു. ഈത്തപ്പഴം ഭക്ഷണമായും തേൻ, ചക്കര, മിട്ടായി, ശർബത്ത് എന്നിവ ഉണ്ടാക്കുന്നതിന്നും മധുര - ലഹരി പാനീയങ്ങൾക്കും ഉപയോഗിക്കുന്നു. കാരക്ക വ്യത്യസ്ത ഇനങ്ങളുണ്ട്. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് കാരക്കയിൽ, അത് കൊണ്ടായിരിക്കും ഉപവാസം അവസാനിപ്പിക്കാൻ കാരക്ക തെരഞ്ഞെടുക്കുക എന്ന് പ്രവാചക തിരുമേനി (സ )അരുളിയത്.
ഞാൻ പലപ്പോഴും കുലച്ചു നിൽക്കുന്ന ഈത്തപ്പനയിലേക്ക് നോക്കി നിൽക്കും. എത്ര നോക്കിയാലും മതി വരാത്ത അവസ്ഥ. വിദേശ നാടുകളിലൂടെ സഞ്ചരിക്കാൻ അവസരം തന്ന ജഗന്നിയന്താവിന്ന് സ്തുതി.