ഓടിട്ട വീടിനുമുകളിൽ തെങ്ങ് കടപുഴകി വീണ് നാലുപേർക്ക് പരിക്കേറ്റു.
മാവൂർ:
ഓടിട്ട വീടിനുമുകളിൽ തെങ്ങ് കടപുഴകി വീണ് നാലുപേർക്ക് പരിക്കേൽക്കുകയും മേൽക്കൂര പൂർണമായി തകരുകയും ചെയ്തു . മാവൂർ ഗ്രാമപഞ്ചായത്ത് 18 ആം വാർഡിൽ ചെറൂപ്പ പടിഞ്ഞാറെ ചോലക്കൽ ഷിജുവിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ഷിജു ഭാര്യ നിദീഷ്മ, മകൾ അഞ്ജന, മാതാവ് ലളിത എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ലളിതയെ (70) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുക്കളഭാഗത്തുള്ള തെങ്ങ് വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ കടപുഴകി വീഴുകയായിരുന്നു.
വീടിന്റെ മേൽക്കൂര തകർന്നു. രണ്ട് മുറികളിൽ ഉറങ്ങിക്കിടന്നവരുടെ ശരീരത്തിലേക്ക് പട്ടികയും ഓടും മറ്റും വീഴുകയായിരുന്നു. അഞ്ചു പേരാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിവന്ന സമീപ വാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. മാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രഞ്ജിത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .
വീട് പൂർണമായി തകർന്നതോടെ
കൂലിപ്പണിക്കാരനായ ഷിജുവിന് താമസിക്കാൻ മറ്റൊരു ഇടമില്ലാത്ത അവസ്ഥയാണ്.