ഖത്തറിലെ വിശേഷങ്ങൾ:
ദേശീയ ഗ്രന്ഥ ശേഖരം..
കൊടിയത്തൂർ ഖാളി എം എ അബ്ദുസ്സലാം മാസ്റ്ററുടെ മകൻ അബ്ദുൽ അസീസ് അമീൻ ഖത്തർ സർവീസ് ഫോറത്തിന്റെ സാരഥിയാണ്.
ഞങ്ങൾ ഖത്തറിൽ വെച്ച് പരിചയപ്പെട്ടപ്പോൾ ഖത്തർ നാഷണൽ ലൈബ്രറിയെ പറ്റി നന്നായി വർണിച്ചു തന്നു. പിതാവ് ഖത്തർ വിസിറ്റ് നടത്തിയപ്പോൾ ഒരു ദിവസം ലൈബ്രറിയിൽ കഴിച്ചു കൂട്ടി എന്നും പറഞ്ഞു. ഞങ്ങൾ ഒരു മണിക്കൂർ മാത്രമാണ് ലൈബ്രറിയിൽ കഴിച്ചു കൂട്ടിയത്. ഇനി ഖത്തറിൽ വരാൻ അവസരം കിട്ടിയാൽ ദിവസങ്ങൾ തന്നെ ലൈബ്രറിയിൽ കഴിച്ചു കൂട്ടണം, ഇൻശാ അല്ലാഹ്.
അതൊരു വലിയ ലോകമാണ്. ഗ്രന്ഥങ്ങളുടെ മഹാ ശേഖരം. വിഷയാധിഷ്ഠിതമായി അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ. അനുവാചകർ ധാരാളം. പഠനങ്ങളും മനനങ്ങളും ഗവേഷണങ്ങളും ഗംഭീരമായി നടക്കുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരിടം. കുട്ടികളെയുമായി വരുന്നവർക്ക് ആവലാതി വേണ്ട. അവർക്ക് പ്രത്യേകം ലൈബ്രറിയുണ്ട്. ഇരുന്നു വായിക്കാൻ ചുമരിൽ പ്രത്യേക സംവിധാനം. കുട്ടികളെ അവിടെ ആക്കിയാൽ പുറത്തേക്ക് പോരാൻ അവർ കൂട്ടാക്കില്ല.
ഹെറിറ്റേജ് ലൈബ്രറി വേറെ തന്നെയുണ്ട്. പൗരാണിക അറേബ്യൻ പ്രൌഡിയെ വിളിച്ചോതുന്ന വൻ ശേഖരങ്ങൾ. അറബികൾ ആയിരുന്നല്ലോ വിക്ഞാനത്തിന്റെ അപ്പോസ്തലന്മാർ. പഴമയുടെ പൊലിമ അവിടെ നമുക്ക് ദർശിക്കാം. അറിവിൻ പൂവാടിയിൽ എത്ര സമയം ചെലവഴിച്ചാലും മതിയാവില്ല. ലൈബ്രറിയോട് അനുബന്ധിച്ചു പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
ഖത്തർ ഫൌണ്ടേഷൻ ഫോർ എഡ്യൂക്കേഷൻ, സയൻസ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എന്നിവക്ക് കീഴിലുള്ള ഒരു സ്ഥാപനമാണ് ഖത്തർ നാഷണൽ ലൈബ്രറി.2012 നവംബർ 19 ന്നാണ് ലൈബ്രറി സ്ഥാപിച്ചത്. റെം കൂൾഹാസ് ആയിരുന്നു ആർക്കിടെ ക്റ്റ്. മെട്രോ ട്രെയിനിന്ന് ഖത്തർ നാഷണൽ ലൈബ്രറി സ്റ്റേഷനുണ്ട്. ഒരു ദേശീയ ലൈബ്രറി, ഗവേഷണ തല സർവകലാശാല ലൈബ്രറി, ഡിജിറ്റൽ യുഗത്തിന്നായി സജ്ജീകരിച്ചിട്ടുള്ള ഒരു സെൻട്രൽ മെട്രോ പൊളിറ്റൻ പബ്ലിക് ലൈബ്രറി എന്നിങ്ങനെയുള്ള പ്രവർത്തനമാണ് ഖത്തർ നാഷണൽ ലൈബ്രറി ലക്ഷ്യമിടുന്നത്. ഒരു സർവകലാശാലയും ഗവേഷണ ലൈബ്രറിയും എന്ന നിലയിൽ ഇത് എല്ലാ തലങ്ങളിലും വിദ്യാഭ്യാസത്തെയും ഗവേഷണത്തെയും പിന്തുണക്കുന്നു. കൂടാതെ ഒരു ആധുനിക സെൻട്രൽ പബ്ലിക് ലൈബ്രറി എന്ന നിലയിൽ, ഇത് വായനാ താല്പര്യങ്ങൾ നിറവേറ്റുന്നതിന്നും പൊതു ജനങ്ങളുടെ വിവര സാക്ഷരത വളർത്തുന്നതിന്നും ലൈബ്രറി സേവനങ്ങളും വിഭവങ്ങളും നൽകുന്നു. കൂടാതെ ഇത് ഒരു കമ്മ്യൂണിറ്റി മീറ്റിംഗ് സ്ഥലമായും പ്രവർത്തിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി ഖത്തർ ഫൌണ്ടേഷൻ വികസിപ്പിച്ചെടുത്ത ദോഹയിലെ ഒരു ജില്ലയായ എഡ്യൂക്കേഷൻ സിറ്റിയിലാണ് ലൈബ്രറിയുടെ പുതിയ കെട്ടിടം നിലക്കൊള്ളുന്നത്.
ഏതൊരു ഖത്തരി പൗരനും, അല്ലെങ്കിൽ റസിഡന്റ് പെർമിറ്റ് ഉള്ളവർക്കും സൗജന്യ ലൈബ്രറി രെജിസ്ട്രേഷന് അർഹതയുണ്ട്. ലൈബ്രറിയുടെ വെബ്സൈറ്റ് രെജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് അന്തർ ദേശീയ പണ്ഡിത ഡാറ്റാ ബേസുകളും മികച്ച അക്കാദമിക് ജെർണലുകളും കൂടാതെ ജനപ്രിയ സാഹിത്യം, മാഗസിനുകൾ, കുട്ടികളുടെ വിഭവങ്ങൾ, സംഗീതം, എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഓൺലൈൻ പ്രവേശനം വാഗ്ദാനം ചെയ്യുന്നു.
ഖത്തർ സന്ദർശിക്കുന്നവർ നിർബന്ധമായും ലൈബ്രറിയിൽ ഒരിക്കലെങ്കിലും പോവണമെന്ന് അഭ്യർത്ഥിക്കുന്നു.